2012, നവംബർ 25, ഞായറാഴ്‌ച

ഒരു അമ്മയും കുഞ്ഞും ഉയര്ത്തുന്ന പ്രശ്നങ്ങള്‍


ഈ അടുത്ത കാലത്തായി നമ്മുടെ കേരളീയ സമൂഹത്തില്‍ സാംസ്ക്കാരിക രംഗത്ത്‌ ഏറെ ചര്ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണല്ലോ ബ്ലസ്സിയുടെ “കളിമണ്ണ്” എന്ന സിനിമയും അതിലെ ശ്വേതാ മേനോന്റെ പ്രസവ ചിത്രീകരണ രംഗവും.

അമ്മയും ഗര്ഭസ്ഥ ശിശുവും തമ്മിലുള്ള അഭേദ്യ ബന്ധത്തിന്റെ കഥപറയുന്ന തുടര്ന്നു പ്രസവവും ചിത്രീകരിക്കുന്ന കാഴ്ച, തന്മാത്ര എന്നീ മോളിവുഡ് സിനിമകളുടെ സംവിധായകനും, അവാര്ഡ് ജേതാവുമായ ബ്ലസ്സിയുടെ പുതിയ സിനിമയാണ് “കളിമണ്ണ്”. തോമസ്സ് തിരുവല്ലയാണ് നിര്മ്മാതാവ്. നായകന്‍ ബിജു മേനോനും. ഇതിലെ അമ്മ 1994 ലെ മിസ്സ് ഇന്ത്യ റണ്ണര്‍ അപ് ആയിരുന്ന, ക്വാണ്ടം (ഗര്ഭ നിരോധന ഉറ) യുടെ പരസ്യത്തിലൂടെ പ്രശസ്തയായ, രതിനിര്‍വേദം  രണ്ടാം ഭാഗം സിനിമയിലൂടെ യുവാക്കളുടെ ഹരമായി മാറിയ ശ്വേതാ മേനോനാണ്.

ശ്വേത അഞ്ചു മാസം ഗര്ഭിണിയായത് മുതലാണ്‌ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്‌. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ 28 നു വൈകീട്ട് 5:27 നു ഒരു പെണ്കുട്ടിയെ സുഖപ്രസവത്തിലൂടെ തന്റെറ ഭര്ത്താവിനു നല്കുന്നത് വരെയുള്ള രംഗം ചിത്രീകരിച്ചു കഴിഞ്ഞു. മൂന്നു ക്യാമറകള്‍ വച്ചായിരുന്നു ചിത്രീകരണം. ഈ ചിത്രീകരണം 45 മിനുട്ട് നീണ്ടു നിന്നു. പ്രസവ ശേഷം കുട്ടിയുടെ മൂര്ദ്ദാവില്‍ ശ്വേത ചുംബിക്കുന്നത് വരെയുള്ള രംഗമാണ് ചിത്രീകരിച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഈ രൂപത്തിലുള്ള ഒരു ചിത്രീകരണം നടന്നിരിക്കുന്നത്.

പ്രസവം കേവലം യാന്ത്രികമായി തീരുന്ന ഇന്നത്തെ അവസ്ഥയില്‍ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ഈ സിനിമ, ഒപ്പം ഒരു സ്ത്രീ എന്ന നിലയില്‍ നിന്ന് അമ്മയിലേക്കുള്ള മാറ്റവും കാട്ടി കൊടുക്കുക എന്നാണു സംവിധായകന്റെ അവകാശവാദം.

സിനിമാറ്റോഗ്രാഫര്‍ ജിബു ജേക്കബ്, അയാളുടെ രണ്ടു സഹായികള്‍, ബ്ലെസ്സി, ശ്വേതയുടെ ഭര്ത്താവ് ശ്രീവല്സന്‍ മേനോന്‍ എന്നിവരാണ് പ്രസവ സമയത്ത്‌ ലേബര്‍ റൂമില്‍ രംഗം ചിത്രീകരിക്കാന്‍ വേണ്ടി ഉണ്ടായിരുന്നത്.

ഇത്രയുമാണ് ഈ സിനിമയെക്കുറിച്ച് ആമുഖമായി പറയാനുള്ളത്.

ഇപ്പോള്‍ ഉയര്ന്നു  വന്നിട്ടുള്ള പ്രശ്നങ്ങള്‍... ഇത്തരമൊരു രംഗം ചിത്രീകരിച്ചു വേണമോ ജനങ്ങളെ അമ്മയും കുഞ്ഞും തമ്മിലുള്ള പരിപാവനമായ ബന്ധം പഠിപ്പിക്കാന്‍ എന്നാണു? ഇതിന്റെ പിന്നില്‍ കച്ചവട താല്പര്യമാണ് എന്നും ശ്വേതാമേനോന്‍ എന്ന നടിയുടെ മേനിയഴക് മുതലെടുത്ത്‌ ചിത്രത്തെ വമ്പിച്ച വിജയമാക്കാന്‍ വേണ്ടിയാണ് വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് എന്നും ഇത് സിനിമ ഇറങ്ങുന്നതിനു മുന്നേ ചെയ്യുന്ന ഗിമ്മിക്കുകളാണെന്നും  ആക്ഷേപമുണ്ട്. എന്തായാലും ഈ സിനിമയ്ക്കെതിരെ കേരള നിയമസഭാ സ്പീക്കര്‍ കൂടിയായ ശ്രീ ജി. കാര്ത്തികേയനും കൂടി ഈയടുത്ത കാലത്ത്‌ അതി ശക്തിയായി പ്രതികരിച്ചിരിക്കുന്നത് ഇതിനു കൂടുതല്‍ വാര്ത്താ  പ്രാധാന്യം  നേടിക്കൊടുത്തു.

ബ്ലസ്സി തന്റെ ഈ സിനിമ എപ്പോഴാണ് പുറത്തിറക്കാന്‍ പോകുന്നത് എന്ന് കൃത്യമായി ഇത് വരെ പറഞ്ഞിട്ടില്ല. ഇതിന്റെ ഒരു ട്രെയിലരും ഇത് വരെ പുറത്ത്‌ വിട്ടിട്ടില്ല. ഇത് വരെ ഷൂട്ട്‌ ചെയ്ത ഭാഗങ്ങള്‍ ബാങ്ക് ലോക്കറിലാണ് ഉള്ളത്. പ്രസവ രംഗം ചിത്രീകരിച്ച  ഭാഗം സെന്‍സര്‍ ബോര്‍ഡിന്റെ  അനുമതി കിട്ടിയാലേ പ്രദര്ശിപ്പിക്കാന്‍ കഴിയൂ.തീര്ത്തും  രാജ്യത്തെ നീതിന്യായ വ്യവസ്ഥക്കുള്ളില്‍ നിന്ന് കൊണ്ട് മാത്രമേ ഈ ചിത്രം പ്രദര്ശനത്തിനെത്തൂ എന്ന് സാരം. നടിയെ ആരും ബലമായി നിര്ബമന്ധിച്ച് അഭിനയിപ്പിച്ചതല്ല. അവരുടെയും അവരുടെ  ഭര്ത്താവിന്റെയും സമ്മതത്തോടെയാണ് ഇതൊക്കെ ചിത്രീകരിച്ചിരിക്കുന്നത്. ഇങ്ങിനെയുള്ള ഒരു സിനിമയെ തിയേറ്ററില്‍ ഇറങ്ങാന്‍ വിടില്ല എന്ന് പറയുന്നത് ആവിഷ്ക്കര സ്വാതന്ത്ര്യത്തിനു മേലുള്ള ഒരു വെല്ലു വിളിയാണെന്നും അഭിപ്രായമുണ്ട്. തിയേറ്റര്‍ നമ്മള്‍ ലേബര്‍ റൂം ആക്കാന്‍ വിടില്ല എന്ന് പറയുന്ന സിനിമാ പ്രദര്‍ശനക്കാരുടെ സംഘടന ഇതിനു മുന്നേ ഷക്കീല പടം നിര്ബാധം കാണിച്ചവരാണെന്നും അത്തരം സിനിമയില്‍ ഇല്ലാത്ത രംഗങ്ങള്‍ കൂടി ബിറ്റ്‌ ആയി കൂട്ടിച്ചേര്ത്ത്  പ്രദര്ശിപ്പിച്ചവരാണ് അവര്‍ എന്നും പറയുന്നു. അത് കൊണ്ട് തന്നെ അവര്ക്ക് ‌ ഈ സിനിമ പ്രദര്ശിപ്പിക്കാന്‍ കഴിയില്ല എന്ന് പറയാന്‍ അര്ഹതയില്ല എന്നും അഭിപ്രായമുണ്ട്.

ഇവിടെ പിറന്നു വീണ കുഞ്ഞിന്റെ സമ്മതം മാത്രമേ ഈ രംഗം ചിത്രീകരിക്കാന്‍ ആരും ഇത് വരെ വാങ്ങാതിരുന്നുള്ളൂ.. ആ കുഞ്ഞു വളര്ന്നു  വലുതായി ഇക്കാര്യത്തെക്കുറിച്ച് ചോദ്യം ചെയ്യുമ്പോള്‍ ആദ്യം ഉത്തരം പറയേണ്ടതും ശ്വേതയും ഭര്ത്താവും തന്നെ. ഒപ്പം സമൂഹവും. ഒന്നുകില്‍ ആ കുഞ്ഞു വളര്ന്നു  പ്രായപൂര്ത്തിയായ ശേഷം അതിന്റെ സമ്മതത്തോടെ ഈ ചിത്രം പുറത്തിറക്കിയാല്‍ മതി. ഇല്ലെങ്കില്‍ ആ കുഞ്ഞു ഉയര്ത്തു ന്ന ചോദ്യങ്ങള്ക്ക്്‌ മറുപടി പറയാന്‍ നമ്മളെല്ലാം ബാധ്യസ്ഥരാണ്. ഇവിടെ കുഞ്ഞിന്റെ കാര്യത്തെക്കുറിച്ച് അധികമാരും ചര്ച്ച ചെയ്യപ്പെടുന്നതായി കാണുന്നില്ല.

നമ്മുടെ നാട്ടിലെ സദാചാര പോലീസുകാരായ മത മൌലിക വാദികള്‍, ഫെമിനിസ്റ്റുകള്‍, സ്ത്രീ സംഘടനകള്‍, സാമൂഹ്യ സാംസ്ക്കാരിക പ്രവര്ത്ത്കര്‍ ഇവരൊക്കെ ഒത്തു ചേര്ന്ന്  ഒരു ക്യാമ്പയിന്‍ നടത്തിയാല്‍ അത് മാധ്യമങ്ങള്‍ അമിത പ്രാധാന്യത്തോടെ ഏറ്റു പിടിച്ചാല്‍ ഈ സിനിമയുടെ പേരില്‍ ഒരു ക്രമസമാധാന പ്രശനം അതിന്റെ റിലീസിംഗ് സമയത്ത്‌ തന്നെ ഉയര്ന്നു  വരാന്‍ സാധ്യതയുണ്ട്. അത് സദാചാര സംരക്ഷകരും സദാചാര വിരുദ്ധരുമായുള്ള ഒരു ഏറ്റുമുട്ടലായി ചിത്രീകരിക്കാനും സാധ്യതയുണ്ട്. അങ്ങിനെ ഈ സിനിമ ഓരോ മലയാളിയും ഇതിനെ ശക്തമായി എതിര്ത്തവരും ഇതിനു വേണ്ടി വാദിച്ചവരും കാണുന്നതോടെ  അതിന്റെ പൂര്ണ്ണ അര്ത്ഥ്ത്തില്‍ വിജയം വരിക്കുകയും ചെയ്യും.

അതോടു കൂടി സിനിമാ രംഗത്ത്‌ പുതിയ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കപ്പെടും എന്ന ആക്ഷേപം നില നില്ക്കുകയും ചെയ്യും ഇന്ന് ഗര്ഭിസ്ഥശിശുവും അമ്മയും തമ്മിലുള്ള ബന്ധവും പ്രസവവുമാണ് ചിത്രീകരിച്ചു പ്രദര്ശിപ്പിച്ചത്  എങ്കില്‍ നാളെ ഗര്‍ഭധാരണം എങ്ങിനെ നടക്കുന്നു എന്ന കാര്യം പച്ചയായി ചിത്രീകരിച്ചു നിങ്ങളുടെ മുന്നില്‍ പ്രദര്ശനത്തിനു വരും. ലൈംഗിക കാര്യങ്ങളെക്കുറിച്ചുള്ള സാമാന്യ ജനത്തിന്റെ അജ്ഞതയും അത് മൂലമുണ്ടാകുന്ന കുടുംബ പ്രശ്നങ്ങളും വിവാഹ മോചനങ്ങളും ഇല്ലാതാക്കാന്‍ വേണ്ടി ഇറക്കിയതാണ് ഈ സിനിമ എന്ന പേരില്‍ നല്ലൊരു പോന്‍ മൂവി (Porn movie)  ഇറങ്ങുന്ന കാലവും വിദൂരമല്ല. അന്നും ആ സിനിമയെ അനുകൂലിക്കാനും എതിര്ക്കാ നും നമ്മുടെ കേരളത്തില്‍ നിരവധി പേര്‍ കാണും എന്നുള്ളതില്‍ സംശയമില്ല തന്നെ.

എന്തിനു വെറുതെ അനാവശ്യമായി ഇറങ്ങാത്ത ഒരു സിനിമയെക്കുറിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുന്നു?  സിനിമ ഇറങ്ങട്ടെ.. അതിലെ കാര്യങ്ങള്‍ കുറച്ചു പേരെങ്കിലും കാണട്ടെ. എന്നിട്ട് അതിനെപ്പറ്റി ചര്ച്ച ചെയ്യാം. എന്നിട്ട് വേണമെങ്കില്‍ സിനിമ ബഹിഷ്ക്കരിക്കാം, അല്ലെങ്കില്‍ നിരോധിക്കാന്‍ ആവശ്യപ്പെടാം. അതെല്ലാം അപ്പോഴല്ലേ? ഇപ്പോഴേ വേണോ?അതെ അതാണ്‌ അതിന്റെ ശരി.. അത് വരെ നമുക്ക്‌ കാത്തിരിക്കാം......ക്ഷമയോടെ... വാചക കസര്‍ത്തുകള്‍ ഒക്കെ അതിനു ശേഷം ആവാം........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ