2012, ഒക്‌ടോബർ 16, ചൊവ്വാഴ്ച

സ്വയം വിമര്‍ശനവും സഹിഷ്ണുതയും


വിമര്‍ശനവും, അസഹിഷ്ണുതയും മാത്രം കൈമുതലായിട്ടുള്ള നമ്മള്‍ മലയാളികള്‍ക്ക്‌ അത്രയൊന്നും ഇഷ്ടപ്പെടാത്ത വാക്കുകളാണ് സ്വയം വിമര്‍ശനവും, സഹിഷ്ണുതയും.എന്തിനും ഏതിനും, തൊട്ടതിനും പിടിച്ചതിനും ഒക്കെ കുറ്റം കണ്ടെത്തുന്ന നാം അത് പല രൂപത്തില്‍ പ്രകടിപ്പിക്കുകയും മറ്റുള്ളവരെ നിരന്തരം വേദനിപ്പിക്കുകയും ചെയ്തു വരുന്നു.  കുറ്റം പറയുന്നവരെ തിരിച്ചു കുറ്റപ്പെടുത്തുമ്പോഴാണ് പലരുടെയും തനി സ്വഭാവം പുറത്ത്‌ വരിക എന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്. തന്നെ മറ്റൊരാള്‍ കുറ്റപ്പെടുത്തുന്നത് കേള്‍ക്കാന്‍ ലോകത്തില്‍ ഒരാളും തന്നെ ഇഷ്ടപ്പെടുന്നില്ല.  

പലപ്പോഴും പലരും ആളുകളെ കയ്യിലെടുക്കുന്നത് തങ്ങളുടെ കാര്യം നേടുന്നതും മുഖസ്തുതിയിലൂടെയാണ്. തങ്ങളെക്കുറിച്ച് നല്ലത് പറയുന്നത് കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരാണുള്ളത്? ഓഫീസിലെ അല്ലെങ്കില്‍ മറ്റേതെങ്കിലും ജോലി സ്ഥലത്തെ തിരക്കിനിടയില്‍ ആരെങ്കിലും വന്നു നിങ്ങളോട് തട്ടിക്കയറി സംസാരിക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യുമ്പോള്‍ നിങ്ങള്‍ അവരോടു എങ്ങിനെയാണ് പെരുമാറുക. എല്ലാവര്ക്കും ആത്മസംയമനം പാലിക്കാന്‍ പറ്റി എന്ന് വരില്ല. ചിലര്‍ തിരിച്ചു രൂക്ഷമായി പ്രതികരിക്കും. പ്രത്യേകിച്ചും വളരെ പെട്ടെന്ന് ദ്വേഷ്യം പിടിക്കുന്നവര്‍. പിന്നീടാണ് അതിന്റെ ബുദ്ധിമുട്ടുകള്‍ അവര്‍ അനുഭവിക്കേണ്ടി വരുന്നത്. ഒന്നുകില്‍ ക്ഷമാപണം നടത്തി രാജിയാകണം അല്ലെങ്കില്‍ അവരുടെ പ്രതികാര നടപടികള്‍ക്ക് വിധേയമാവണം. അല്ലെങ്കില്‍ വീണ്ടും അവരുമായി പൊരുതി കൂടുതല്‍ പ്രശ്നങ്ങള്‍ ഏറ്റു വാങ്ങണം. അപ്പോള്‍ ഇത്തരം ഘട്ടങ്ങളില്‍ സഹിഷ്ണുതയോടെ കാര്യങ്ങള്‍ നേരിടാന്‍ നമ്മള്‍ പഠിക്കണം. അത് ഇന്ന് പലര്‍ക്കും സാധിക്കുന്നില്ല.

പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയിട്ടും അനുസരിക്കാത്ത കുട്ടിയെ നല്ല വാക്കുകള്‍ പറഞ്ഞു അനുസരിപ്പിക്കുന്ന നമ്മുടെ അമ്മമാര്‍ നമുക്ക്‌ ഒരു മാതൃകയാണ്. അവരുടെ ആ സമീപനത്തില്‍ കുട്ടികള്‍ വരെ അടിപതറി വീഴുന്നു. തങ്ങളുടെ ദുര്‍വാശി അവസാനിപ്പിക്കുന്നു. അമ്മ തന്റെ കാര്യം നേടുകയും ചെയ്യുന്നു. അത് കുട്ടിയെ ഭക്ഷണം കഴിപ്പിക്കല്‍ ആവാം, പഠിക്കാന്‍ പ്രേരിപ്പിക്കുകയാവാം മറ്റെന്തുമാവം. ഇന്ന് ഇത്തരത്തിലുള്ള സമീപനങ്ങള്‍ പോലും ഇല്ലാതായി തുടങ്ങിയിരിക്കുന്നു. വേണമെങ്കില്‍ പഠിച്ചാല്‍ മതി. നിനക്ക് പഠിച്ചാല്‍ നിനക്ക്. വേണമെങ്കില്‍ തിന്നാല്‍ മതി. വിശക്കുമ്പോള്‍ താനേ വന്നു തിന്നോളും. ഇത് പോലുള്ള നിഷേധാത്മകമായ വാക്കുകളാണ് ഇന്ന് കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. കുട്ടിയെ സ്നേഹിക്കാനോ അനുനയിപ്പിക്കണോ ഉള്ള ശ്രമം എളുപ്പം ഉപേക്ഷിക്കപ്പെടുന്നു.

ന്യൂക്ലിയര്‍ കുടുംബങ്ങളില്‍ എല്ലാവര്ക്കും ഇപ്പോള്‍ തന്നിഷ്ടപ്രകാരമുള്ള ജീവിതമാണ്. ഒരു പരിധി വരെയേ ആരും ആരെയും വിമര്‍ശിക്കൂ. കുട്ടികളെ കൂടുതല്‍ വിമര്‍ശിച്ചാല്‍ അവര്‍ എവിടെയെങ്കിലും പോയാലോ എന്തെങ്കിലും ചെയ്താലോ എന്നുള്ള പേടിയാണ് പലര്‍ക്കും. ചുറ്റും നടക്കുന്നതും ദിവസവും കാണുന്നതും കേള്‍ക്കുന്നതും അത്തരത്തിലുള്ള വാര്‍ത്തകള്‍ ആവുമ്പോള്‍ പ്രത്യേകിച്ചും. അങ്ങിനെ അധികം നിയന്ത്രണങ്ങളില്ലാതെ വിമര്‍ശനങ്ങള്‍ സഹിഷ്ണുതയോടെ ഏറ്റുവാങ്ങി തെറ്റ് തിരുത്തി ജീവിതം മുന്നോട്ടു കൊണ്ട് പോയിരുന്ന പഴയ തലമുറയ്ക്ക് പകരം. ഇന്ന് ഇതൊന്നും തങ്ങള്‍ക്കു ബാധകമല്ല തങ്ങള്‍ തങ്ങളുടെ ഇഷ്ടത്തിനു ജീവിക്കും എന്ന് പറയുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നു വരികയാണ്. ഇത് കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന നാശം വളരെ വലുതാണ്‌.

തങ്ങള്‍ക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ പറയുകയോ ചെയ്യുകയോ ചെയ്യുന്നത് കാണാനും കേള്‍ക്കാനും വയ്യ. അതിനെ അസഹിഷ്ണുതയോടെ നോക്കുക ആ രൂപത്തില്‍ പ്രതികരിക്കുക അതൊക്കെ ഇന്ന് ഒരു നാട്ടു നടപ്പായി മാറിയിരിക്കുന്നു. ഫലം വ്യക്തികള്‍ തമ്മില്‍ സംഘര്‍ഷം, കുടുംബങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍, സമുദായങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പ്രശ്നങ്ങള്‍ അത് അതിന്റെ സകല സീമയും ലംഘിച്ചു സമൂഹത്തെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്നു.

ആരും തങ്ങളുടെ കുറ്റങ്ങള്‍ സ്വയം വിമര്‍ശനപരമായി പരിശോധിക്കാന്‍ ആഗ്രഹിക്കുന്നില്ല. അത് വ്യക്തികളയാലും, പ്രസ്ഥാനങ്ങളയാലും. എല്ലാവര്ക്കും എല്ലാവരെയും എല്ലാറ്റിനെയും വിമര്‍ശിക്കണം, എന്നാല്‍ സ്വയം വിമര്‍ശനം തീരെ ഇഷ്ടവുമല്ല താനും. തങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ സഹിഷ്ണുതയോടെ കേള്‍ക്കാന്‍ അതില്‍ നിന്ന് കാര്യങ്ങള്‍ ഉള്‍ക്കൊണ്ട്‌ തെറ്റ് തിരുത്തുവാന്‍ എത്ര പേര്‍ക്ക് കഴിയും? പലര്‍ക്കും കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആരെങ്കിലും സ്വയം വിമര്‍ശനം നടത്തുകയോ തെറ്റ് തിരുത്തുകയോ ചെയ്യാന്‍ തയ്യാറായാല്‍ അവരെ ആക്ഷേപിക്കാനാണ് എല്ലാവരും തുനിഞ്ഞു കാണുന്നത്. രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇത്തരം സ്വയം വിമര്‍ശനവും തെറ്റ് തിരുത്തല്‍ പ്രക്രിയയും നടക്കുന്ന ഒരേയൊരു പാര്‍ട്ടിയാണ് സി.പി.എം. തങ്ങള്‍ക്കു പറ്റിയ തെറ്റുകള്‍ ജനങ്ങളോട് ഏറ്റുപറയാനും അത് തിരുത്താനും അവര്‍ തയ്യാറാണ്. അതിനെ അഭിനന്ദിക്കെണ്ടതിനു പകരം അവരെ ആക്ഷേപിക്കാനാണ് പലരും ഉത്സാഹം കാണിക്കുന്നത് എന്ന് അനുഭവത്തിലൂടെ നമുക്കറിയാവുന്നതാണല്ലോ?   

സഹിഷ്ണുതയും സ്നേഹവും പ്രകടിപ്പിക്കേണ്ട മതങ്ങള്‍ ഇവിടെ മനുഷ്യരെ തമ്മിലടിപ്പിക്കാനും വെറുക്കാനും ആണ് ഇന്ന് പഠിപ്പിക്കുന്നത്. ഒരു മതത്തിലും ഗ്രന്ഥത്തിലും ഇതൊന്നും പറഞ്ഞിട്ടില്ലെങ്കിലും അത് ചെയ്യാനും ചെയ്യിക്കാനുമാണ് എല്ലാവര്ക്കും താല്പര്യം. ഹിന്ദു ദേവതകളെ നഗ്നയാക്കി ചിത്രീകരിച്ചു എന്നതിന്റെ പേരില്‍ ഒരു കൂട്ടര്‍ അക്രമം കാട്ടുമ്പോള്‍ ക്രിസ്തുവിന്റെ ആറാം തിരുമുറിവിന്റെ പേര് പറഞ്ഞു മറ്റൊരു കൂട്ടരും, നബിയെ നിന്ദിച്ചു എന്ന പേരില്‍ വേറൊരു കൂട്ടരും തമ്മിലടിച്ചു മരിക്കുന്നു.  ലോകത്തില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങളും മരണങ്ങളും നടന്നത് മതത്തിന്റെ പേരിലാണ്. ഇപ്പോഴും അത് തുടരുന്നു. മനുഷ്യനെ മനുഷ്യനാക്കാത്ത മതം മനുഷ്യന് വേണോ എന്ന് ഓരോ ആളും ചിന്തിക്കേണ്ടിയിരിക്കുന്നു.ഒരു മനുഷ്യന്റെ ആത്മസംസ്കരണത്തിനു ഉപയോഗപ്പെടുന്നതായിരിക്കണം മതം. അതിനു വേണ്ടിയായിരുന്നു അത് സൃഷ്ടിച്ചത്. എന്നാല്‍ ഇന്ന് മനുഷ്യരെ തമ്മിലടിപ്പിക്കാന്‍ അതെ മതങ്ങളെ ഉപയോഗിക്കുന്നു. മനുഷ്യര്‍ ദിവസം പ്രതി അതിനു ഇരയായികൊണ്ടിരിക്കുന്നു.

ഒരു കാലത്ത്‌ കുമ്പസാരക്കൂട്ടില്‍ കയറി തന്റെ കുറ്റങ്ങള്‍ മുഴുവന്‍ ഏറ്റു പറഞ്ഞിരുന്ന ഒരു വിശ്വാസിക്ക് നല്ല മനസമാധാനാം കിട്ടിയിരുന്നു.  ഇനി മുതല്‍ ഞാന്‍ തെറ്റിലേക്ക് വീഴില്ല എന്ന ഒരു ജാഗ്രതയും ഉണ്ടായിരുന്നു. ഒപ്പം പുരോഹിതന്‍റെ ഒരു മേല്‍നോട്ടവും. ഇത് ഒരു തരത്തിലുള്ള സ്വയം വിമര്‍ശനമാണ്. എന്നാല്‍ ഇന്ന് എത്ര പേര്‍ ആ രീതി പിന്തുടരുന്നുണ്ട്?  തെറ്റ് ചെയ്യുക. കുമ്പസരിക്കുക. അത് പൊറുക്കപ്പെട്ടു എന്ന് വിശ്വസിക്കുക എന്നിട്ട് വീണ്ടും തെറ്റ് ചെയ്യുക വീണ്ടും കുമ്പസരിക്കുക അപ്പോള്‍ വീണ്ടും പോറുക്കപ്പെടും എന്ന് വിശ്വസിക്കുക. തെറ്റുകള്‍ തങ്ങളുടെ ആവശ്യത്തിനനുസരിച്ച്‌ ചെയ്തു കൊണ്ടെയിരിക്കുക ആ രീതിയിലേക്ക്‌ കാര്യങ്ങളെ മാറ്റിയിരിക്കുന്നു. വിശ്വാസം പോലും കച്ചവട ചരക്കാക്കി ജീവിക്കുന്ന ഒരു സമൂഹവും അത്തരം ആള്കൂട്ടങ്ങളും ഉള്ളിടത്തോളം കാലം ഇത് ഇനിയും തുടരും.

ഇതില്‍ നിന്നെല്ലാം ഒരു മുക്തി നമുക്ക്‌ നേടണമെങ്കില്‍ നാം ഓരോരുത്തരും മറ്റുള്ളവന്റെ ശബ്ദം സംഗീതമായി ശ്രവിക്കാന്‍ കഴിയുന്ന ഒരു ലോക ക്രമത്തിലേക്ക് വരേണ്ടതുണ്ട്. അത്തരം ഒരു വ്യവസ്ഥിതിക്ക് വേണ്ടി ആഗ്രഹിക്കുന്ന പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം നമ്മുടെയിടയിലുണ്ട്. ആ  പ്രസ്ഥാനത്തെ തിരിച്ചറിയുകയും അതില്‍ അണിചേരുകയും ചെയ്യേണ്ടതുണ്ട്.  തെറ്റ് പറ്റാത്ത മനുഷ്യരില്ല, പ്രസ്ഥാനങ്ങളുമില്ല  എന്നാല്‍ ആ തെറ്റ് മനസ്സിലാക്കി തിരുത്തുവാന്‍ തയ്യാരാകുന്നവരെ നാം കണ്ടില്ലെന്നു നടിക്കുകയും അരുത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ