2013, ജനുവരി 29, ചൊവ്വാഴ്ച

ഇന്ദുലേഖ

ഇന്ദുലേഖ
ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ. 1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്. കോളിൻസ് മദാമ്മയുടെ ഘാതകവധം (1877), ആർച്ച് ഡീക്കൻ കോശിയുടെ പുല്ലേലിക്കുഞ്ചു (1882), അപ്പു നെടുങ്ങാടിയുടെകുന്ദലത (1887) തുടങ്ങിയവയാണ് ഇന്ദുലേഖയ്ക്കു മുൻപുണ്ടായ നോവൽമാതൃകകൾ. ഒരു നായർ കുടുംബത്തിലെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം.
നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവും. അന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ ചന്തുമേനോൻ അവതരിപ്പിക്കുന്നു.



സി.വി. രാമൻപിള്ള

ചരിത്രാഖ്യായികൾക്ക് പേരുകേട്ട ആദ്യത്തെ മലയാള നോവലിസ്റ്റുകളിൽ പ്രമുഖൻ. 1858 മെയ് 19-ന് (1033 ഇടവം 7)തിരുവനന്തപുരത്ത് കോച്ചുകണ്ണച്ചാർ വീട്ടിൽ ജനിച്ചു. നെയ്യാറ്റിൻകരയിൽ ആണ് തറവാട്. അച്ഛൻ പനവിളാകത്ത് നീലകണ്ഠപ്പിള്ള. അമ്മ പാർവതിപ്പിള്ള. തിരുവിതാംകൂർ രാജകൊട്ടാരത്തിൽ ജോലിക്കാരായിരുന്നു അച്ഛനുമമ്മയും.

സി. വിയുടെ വിദ്യാഭ്യാസത്തിന് സംരക്ഷണം നൽകിയത് രാജാകേശവദാസന്റെ ദൗഹിത്രീപുത്രനായ നങ്കക്കോയിക്കൽ കേശവൻതമ്പിയായിരുന്നു.1881-ൽ ബി.എ പാസായി. ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിച്ചു. ഈ വിവാഹബന്ധം വിജയകരമായിരുന്നില്ല. നാട് വിട്ട് ഹൈദരാബാദിലേക്ക് പോയി. ഈ യാത്ര അദ്ദേഹത്തിന് പ്രമുഖ രാജസ്ഥാനങ്ങളെ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിന് സഹായിച്ചു .1887- ൽ വീണ്ടും വിവാഹിതനായി.ഭാര്യ പാരുന്താനി കിഴക്കെ വീട്ടിൽ ഭാഗീരഥിയമ്മ. ഇവർ 1904-ൽ മരിച്ചു. പിന്നീട് അവരുടെ മൂത്തസഹോദരി ജാനകി അമ്മയെ വിവാഹം കഴിച്ചു.

കേരള പേട്രിയറ്റ് എന്നൊരു പത്രം കുറച്ചു കാലം നടത്തിയിരുന്നു.ഹൈക്കോടതിയിൽ ചെറിയൊരു ജോലി കിട്ടിയതിനെ തുടർന്ന് നിയമപഠനത്തിന് ലോ കോളേജിൽ ചേർന്നു. അതും പ്ലീഡർ പരീക്ഷയും ഒന്നും പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഹൈക്കോടതിയിൽ ശിരസ്തദാറായി ഉയരുകയും പിന്നീട് 1905-ൽ ഗവണ്മെന്റ് പ്രസ്സിൽ സൂപ്രണ്ടായി ജോലിയിൽ നിന്ന് വിരമിക്കുകയും ചെയ്തു. 1918-ൽ സി.വി.തിരുവിതാംകൂർ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അദ്ധ്യക്ഷനായി.പരീക്ഷാ ബോർഡ് മെമ്പറായി കുറച്ചു കാലം ജോലി ചെയ്തു. മലയാളിസഭയിൽ പ്രവർത്തിച്ചു. മലയാളി, മിതഭാഷി, വഞ്ചിരാജ് എന്നീ പത്രികകളു പിന്നിലും പ്രവർത്തിച്ചു. ജന്മി-കുടിയാൻ പ്രശ്നം, വിവാഹ ബിൽ എന്നിവയെപ്പരി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മലയാളീ മെമ്മോറിയലിനു പിന്നിൽ പ്രവർത്തിച്ച ബുദ്ധികളിലൊന്ന് സി.വിയുടേതായിരുന്നു. 1922 മാർച്ച് 21-ന് അന്തരിച്ചു.ഇദ്ദേഹം കേരള സ്കോട്ട് എന്നറിയപ്പെടുന്നു.

സി.വി. യുടെ ചരിത്രാഖ്യായികകൾ

സി.വി. യുടെ മാർത്താണ്ഡവർമ്മ, ധർമ്മരാജാ, രാമരാജ ബഹദൂർ എന്നീ നോവലുകളെ ചേർത്ത് സി.വി.യുടെ ചരിത്രാഖ്യായികകൾ എന്ന് വിളിക്കുന്നു. മാർത്താണ്ഡവർമ്മ മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായികയാണ്‌. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജാവാകുന്നതാണ്‌ 1891-ൽ പുറത്തിറങ്ങിയ ഈ നോവലിന്റെ ഇതിവൃത്തം. ഇതിന്റെ തുടർച്ചയായി 1913-ൽ എഴുതിയ ധർമ്മരാജായിൽ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജാവായതിനു ശേഷമുള്ള സംഭവവികാസങ്ങളെപ്പറ്റിയാണ്‌ പ്രതിപാദിക്കുന്നത്. 1918-ൽ എഴുതിയ രാമരാജബഹദൂറിൽ തിരുവിതാംകൂറിന്റെ കഥ തുടരുന്നു. മാർത്താണ്ഡവർമ്മയുടെ തിരുവിതാംകൂർ രാജഭരണകാലത്തെ സംഭവവികാസങ്ങളാണ് ഇതിലെ ഇതിവൃത്തം.

ചരിത്രനോവലുകൾ
മാർത്താണ്ഡവർമ്മ (1891)
ധർമ്മരാജാ (1913)
രാമരാജ ബഹദൂർ (1918)

സി.വി. രാമൻപിള്ളയുടെ 1891-ൽ പ്രസിദ്ധീകരിച്ച ഒരു മലയാള നോവലാണ് മാർത്താണ്ഡവർമ്മ. പരിണാമദിശയിലെത്തിയ രാമ്മവർമ്മ മഹാരാജാവിൻറെ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിൻറെ (തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന ഒരു കാല്പനിക ചരിത്രാഖ്യായികയായിട്ടാണ് (Historical Romance) പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത്. കൊല്ലവർഷം 901 – 906 (ക്രി.വ. 1727 – 1732) കാലഘട്ടത്തിലാണ് കഥാഗതി അരങ്ങേറുന്നത്. ശീർഷകകഥാപാത്രത്തെ തിരുവിതാംകൂർ രാജസ്ഥാനഭ്രഷ്ടനാക്കുന്നതിനുവേണ്ടിയുള്ള പത്മനാഭൻതമ്പിയുടെയും എട്ടുവീട്ടിൽപിള്ളമാരുടെയും പദ്ധതികളിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന അനന്തപത്മനാഭൻ, സുഭദ്ര, മാങ്കോയിക്കൽകുറുപ്പ് എന്നിവരെ ചുറ്റിപറ്റിയാണ് കഥ നീങ്ങുന്നത്.

മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ചരിത്രനോവലും (Historical Novel) കൂടിയായ പ്രസ്തുത കൃതി മലയാള സാഹിത്യത്തിൽ ചരിത്രാഖ്യായിക (Historical Narrative) എന്നൊരു ശാഖയ്ക്ക് നാന്ദി കുറിച്ചു. തിരുവിതാംകൂർ ചരിത്രകഥ ധർമ്മരാജാ, രാമരാജാബഹദൂർ എന്നീ കൃതികളിൽ തുടരുന്നു.

രാജാ രാമവർമ്മയുടെ ഭരണത്തിന്റെ അവസാനകാലത്താണ്‌ കഥ നടക്കുന്നത്. നിലവിലുള്ള മരുമക്കത്തായസമ്പ്രദായമനുസരിച്ച് അടുത്ത രാജാവാകേണ്ടത് മാർത്താണ്ഡവർമ്മയാണെങ്കിലും രാജാവിന്റെ മകനായ പദ്മനാഭൻ തമ്പി രാജാവാകാനാഗ്രഹിക്കുന്നു. സുന്ദരയ്യന്റെയും എട്ടുവീട്ടിൽ പിള്ളമാരുടെയും സഹായത്തോടെ തമ്പി മാർത്താണ്ഡവർമ്മയെ അപായപ്പെടുത്താൻ ശ്രമിക്കുന്നു. സുഭദ്ര, അനന്തപദ്മനാഭൻ, മാങ്കോയിക്കൽ കുറുപ്പ് എന്നിവരുടെ സഹായത്തോടെ മാർത്താണ്ഡവർമ്മ വിജയം വരിക്കുന്നു. അനന്തപദ്മനാഭൻ, പാറുക്കുട്ടി എന്നിവർ തമ്മിലുള്ള പ്രണയവും നോവലിലെ ഇതിവൃത്തമാണ്‌.[.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ