2013, ജനുവരി 29, ചൊവ്വാഴ്ച

അണയില്ല ഈ തീജ്വാല ....


സോണിയയും ഷീല ദീക്ഷിതും ഭരിക്കുന്ന ദല്‍ഹി സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത ഇടമായി മാറിയിട്ട് നാളുകളേറെയായി. അതിന്റെ ഭീകരമുഖമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.

ഇത്തരം ഒരു സംഭവം നടന്നിട്ട് അതിനെതിരെ നടപടി എടുക്കുന്നതിനു പകരം അലംഭാവം കാണിക്കുന്ന സര്‍ക്കാരിനെതിരെ ജനരോഷം ഉയരുക സ്വാഭാവികം മാത്രം. അതുകൊണ്ടാണ് ഒരു പാര്‍ട്ടിയും പ്രത്യേകം ആഹ്വാനം ചെയ്യാതെ തന്നെ ഇന്നലെ വിദ്യാര്‍ത്ഥികളും യുവാക്കളും രാഷ്ട്രപതിഭവന് മുന്നില്‍ ഒത്തു ചേര്‍ന്ന് ശക്തമായി പ്രതിഷേധിച്ചത്.

ജലപീരങ്കിയും ലാത്തിച്ചാര്‍ജ്ജും നടത്തിയിട്ടും പിരിഞ്ഞു പോയവര്‍ വീണ്ടും സംഘടിച്ചു സമരം തുടര്‍ന്നത് എന്തിന്റെ സൂചനയാണ് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം സര്‍ക്കാരിനു ഉണ്ടായില്ല. ഉണ്ടായിരുന്നുവെങ്കില്‍ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഇന്നലെ തന്നെ രാജിവേക്കെണ്ടാതായിരുന്നു. ഇത്രയും നാണം കേട്ട ഒരു സംഭവം നടന്നിട്ട് ഭരണത്തില്‍ കടിച്ചു തൂങ്ങി കിടക്കാന്‍ ഇവര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല.

നിരോധനാജ്ഞയും മെട്രോ സ്റ്റേഷനുകള്‍ അടച്ചു പൂട്ടുകയും ചെയ്താല്‍ ഒന്നും ദല്‍ഹിയിലെ ജനങ്ങളെ ഭരണ സിരാകേന്ദ്രത്തിലേക്ക് വരുന്നത് തടയാന്‍ കഴിയില്ല എന്ന സാമാന്യ ബോധം പോലും നഷ്ടപെട്ട നപുംസകങ്ങള്‍ ആണ് നമ്മെ ഭരിക്കുന്നത് എന്ന് കാണുമ്പോള്‍ സ്വയം ലജ്ജ തോന്നുന്നു. ഇവരുടെ ഭരണത്തിനു കീഴില്‍ ഇതിനെതിരെ ശക്തിയായി പ്രതികരിക്കുകയല്ലാതെ മറ്റു പോംവഴിയില്ല. ഇന്ന് ക്രിക്കറ്റ് താരം സച്ചിന്റെ പ്രസ്താവനയിലൂടെ മാധ്യമ ശ്രദ്ധയും യുവാക്കളുടെ ശ്രദ്ധയും വഴി തിരിച്ചു വിടാന്‍ നടത്തിയ കുടില ബുദ്ധി എന്തായാലും വിജയിക്കാന്‍ പോവുന്നില്ല. വലതു പക്ഷ മാധ്യമങ്ങളേക്കാള്‍ ശക്തമായ നവ മാധ്യമങ്ങള്‍ ഇന്ന് യുവാക്കളുടെ കയ്യില്‍ ഉണ്ട്. അവര്‍ അതിനു മുന്നില്‍ അടയിരിക്കുകയല്ല, വേണ്ടി വന്നാല്‍ തെരുവിലിറങ്ങാനും സര്‍ക്കാരിനെതിരെ സമരം നയിക്കാനും കഴിയുന്നവരാണ് എന്നത് നിങ്ങള്‍ മറക്കേണ്ട.

സി.പി.എം. നെ പോലുള്ള പാര്‍ട്ടികളും ഈ സമരത്തിനു ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് എന്നുള്ളതും അവര്‍ ഇന്നടക്കം ദല്‍ഹിയില്‍ സമരമുഖത്ത്‌ അതിശക്തമായ തങ്ങളുടെ സാന്നിധ്യം പ്രകടിപ്പിക്കുകയും ചെയ്തു കഴിഞു എന്നുള്ളതും വരാനിരിക്കുന്ന ദിവസങ്ങള്‍ ഈ സമരം ഏതു വഴിക്ക് നീങ്ങുമെന്നതിന്റെ സൂചനയായി നിങ്ങള്‍ക്ക്‌ എടുക്കാം. ലാത്തിച്ചാര്‍ജ്, ജലപീരങ്കി, വെടിവെപ്പ്‌ ഇവ ഉപയോഗിച്ച് ഇനി നിങ്ങള്‍ക്ക്‌ ജനങ്ങളെ പിന്തിരിപ്പിക്കാന്‍ കഴിയില്ല.... മെട്രോ സ്റ്റേഷനുകള്‍ അടച്ചിടും നിരോധനാജ്ഞ പ്രഖ്യാപിച്ചും പോലീസിനെ ഉപയോഗിച്ചു കള്ളകെസുകള്‍ എടുത്തും വലതുപക്ഷ മാധ്യമങ്ങളെ ഉപയോഗിച്ച് വാര്‍ത്താ തമസ്ക്കരണവും, വഴിവിട്ട മാധ്യമ പ്രവര്‍ത്തനവും നടത്തിയാലും ഒന്നും തകര്‍ക്കാന്‍ പറ്റാത്തതാണ്താ ഈ ജനരോഷം.

അതിനു ഒരു സംഘടിത രൂപം കൈവരുന്നത് എന്തായാലും നിങ്ങക്ക് ഗുണം ചെയ്യില്ല അത് ഉറപ്പ്‌ തന്നെ. പ്രത്യേകിച്ച് ദല്‍ഹിയില്‍ വരാനിരിക്കുന്ന തിരെഞ്ഞെടുപ്പ് കൂടി പരിഗണിക്കുമ്പോള്‍. അത് കൊണ്ടു തന്നെ ഈ സമരത്തെ നിങ്ങള്‍ ഏതു വിധേയനെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുമെന്ന് സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒക്കെ അറിയാം.

നിങ്ങള്‍ ഏതൊക്കെ രൂപത്തില്‍ ഈ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും അന്തിമവിജയം ജനങ്ങളുടെത് തന്നെയായിരിക്കും എന്നുള്ളതില്‍ ഒരു സംശയവുമില്ല തന്നെ... അതില്‍ അവര്‍ വിജയിക്കുക തന്നെ ചെയ്യും. അവര്‍ക്ക് മുന്നില്‍ നിങ്ങള്‍ക്ക് മുട്ട്മടക്കുക തന്നെ ചെയ്യേണ്ടി വരും.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ