2012, നവംബർ 21, ബുധനാഴ്‌ച

സ്വത്വ രാഷ്ട്രീയത്തിന്റെ സാധ്യതകളും അപകടങ്ങളും

ഈ അടുത്തകാലത്തായി നമ്മുടെ രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും സ്വത്വ ബോധം ചെലുത്തുന്ന സ്വാധീനം പലപ്പോഴും ആശങ്കയുണര്‍ത്തുന്ന രൂപത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്നതായി നമുക്ക് 
കാണാന്‍ കഴിയും. ഇതേക്കുറിച്ച് കേരളത്തിന്റെ പൊതുസമൂഹത്തില്‍ വേണ്ടത്ര ഗൌരവമായ ചര്‍ച്ചകള്‍ നടന്നുവോ എന്ന് ചോദിച്ചാല്‍ നടന്നുവെന്നും ഇല്ലെന്നും പറയേണ്ടി വരും. 


ഇന്ത്യയെപ്പോലെ ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന ഒരു വികസ്വര രാജ്യത്തില്‍ സ്വത്വബോധത്തിനുള്ള പ്രാധാന്യവും പ്രസക്തിയും നമുക്ക് നിഷേധിക്കാന്‍ കഴിയില്ല. കേരളത്തെ സംബന്ധിച്ച് പറയുകയാണെങ്കില്‍ സ്വത്വ ബോധത്തിന്റെ അക്ഷയ ഖനിയാണിവിടം. വിവിധ മതങ്ങളും ജാതികളും ഉപജാതികളും ആയി വ്യാപിച്ചു കിടക്കുകയാണ്. അവരാകട്ടെ സ്വത്വ ബോധത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിതരാവുകയാണ്: ചുരുക്കത്തില്‍ സ്വത്വരാഷ്ട്രീയത്തിനു നല്ല വളക്കൂറുള്ള മണ്ണാണ് കേരളം എന്ന് സാരം.

ഇന്ത്യയെപോലെ ഒരു ഫെഡറല്‍ ഭരണ സമ്പ്രദായം നിലവിലുള്ള രാജ്യത്ത്‌ ആദ്യകാലത്ത്‌ ഏക കക്ഷി ഭരണമായിരുന്നു. അംഗീകൃതമായ 22 ലധികം ഔദ്യോഗിക ഭാഷകളും മറ്റു പ്രാദേശിക ഭാഷകളും വിവിധങ്ങളായ സംസ്ക്കാരങ്ങളും നിലവിലുള്ള ഇന്ത്യയില്‍ ഭരണം സംതുലിതമായ അവസ്ഥയില്‍ എല്ലാ മേഖലയിലും പ്രദേശങ്ങളിലും ഒരിക്കലും എത്തിയിരുന്നില്ല എന്ന് മാത്രമല്ല പല പ്രദേശങ്ങളും പല കാരണങ്ങളാലും അവികസിതമായി തന്നെ തുടരുകയും ചെയ്തു. ഇതോടൊപ്പം ഭാഷാവിവേചനവും കൂടിയായപ്പോള്‍ പ്രശ്നങ്ങള്‍ താനേ തലപ്പൊക്കുകയായി. അങ്ങിനെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ ജന്മം കൊണ്ട് തുടങ്ങിയതും ക്രമേണ അവ അതത് സംസ്ഥാനങ്ങളില്‍ ശക്തിപ്രാപിച്ചു അവിടെ അധികാരത്തിലെത്തുകയും അവിടെ നിന്നും വികസിച്ചു കേന്ദ്ര ഭരണത്തിലേക്ക് ഉയരുകയും ചെയ്തത്. ഈ പ്രതിഭാസം ആദ്യം ഒന്നോ രണ്ടോ സംസ്ഥാനങ്ങളില്‍ ആയിരുന്നുവെങ്കില്‍ പിന്നീടത് മറ്റു സംസ്ഥാനങ്ങളിലേക്ക്‌ കൂടി വ്യാപിച്ചു. അങ്ങിനെ കേന്ദ്രത്തിലെ ഏകകക്ഷി ഭരണത്തിനു വിരാമാമിടുന്ന സ്ഥിതിയിലേക്ക് ഇത് വളര്‍ന്നു വന്നു. അഖിലേന്ത്യാ പാര്‍ട്ടികളല്ലാത്ത പ്രാദേശിക പാര്‍ട്ടികള്‍ കേന്ദ്ര ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുകയും അവയെ നിയന്ത്രിയ്ക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് അത് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. ഇന്ന് ഒരു മുന്നണിക്കും ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ വയ്യാത്ത സ്ഥിതിയായിരിക്കുന്നു.

ഇതിന്റെ ഫലമായി പല പ്രാദേശിക പാര്‍ട്ടികള്‍ക്കും തങ്ങളുടെ സംസ്ഥാനങ്ങളില്‍ അവര്‍ക്കാവശ്യമായ പല വികസനങ്ങളും സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഫലമായി നേടിയെടുക്കാന്‍ സാധിച്ചു. വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പാലങ്ങള്‍, റെയില്‍, റോഡു, വ്യോമയാന സര്‍വീസുകള്‍, എയിര്പോര്ട്ടുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, തുടങ്ങി അങ്ങിനെ പലതും. ഒപ്പം കേന്ദ്രത്തില്‍ മന്ത്രി പദവി തുടങ്ങി മറ്റു പല കാര്യങ്ങളും. ഇതൊക്കെ പലപ്പോഴും ശക്തിപ്രകടനത്തിലൂടെയും വിലപേശലിലൂടെയുമാണ് അവര്‍ നേടിയെടുത്തത്. ഇതും ഭാഷാടിസ്ഥാനത്തിലും പ്രാദേശികാടിസ്ഥാനത്തിലും സ്വത്വ ബോധം വളരാന്‍ വലിയൊരു കാരണമായി.

പ്രാദേശിക പാര്‍ട്ടികളുടെ വളര്‍ച്ച താഴെ തട്ടില്‍ വരെ എത്തി നില്‍ക്കുന്നു. അവരുടെ യൂണിറ്റുകള്‍ ഇന്ന് താഴെ തട്ട് വരെയുണ്ട്. ദേശീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിലും കൂടുതല്‍ കാര്യലാഭം ഇത്തരം പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതാണ് എന്ന ബോധം അതിലേക്ക് ആളുകളുടെ എണ്ണം കൂട്ടുന്നു. ഇത്തരം പ്രാദേശിക പാര്‍ട്ടികള്‍ ഭാഷയുടെ അടിസ്ഥാനത്തിലും, മതത്തിന്റെ അടിസ്ഥാനത്തിലും, ജാതിയുടെ അടിസ്ഥാനത്തിലും ഇന്ന് വ്യാപകമായി നില നില്‍ക്കുന്നു. ഒന്ന് മറ്റൊന്നിനു പ്രോത്സാഹനവും ആവേശവും നല്‍കുന്നു. അവരൊക്കെ സംഘടിതരായി തങ്ങളുടെ താല്പര്യങ്ങള്‍ സമ്മര്‍ദ്ദ തന്ത്രത്തിലൂടെ നേടിയെടുക്കുന്നത് കാണുമ്പോള്‍ ഇതര ജനവിഭാഗവും ഇതേ പാത പിന്തുടരുകയാണ്. തമിഴ്നാട്, ഉത്തര്‍പ്രദേശ്‌ എന്നീ സംസ്ഥാങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ തങ്ങളുടെ പിടിമുറുക്കിയിട്ടു നാളുകളേറെയായി. ഇതേ മാതൃക അന്യ സംസ്ഥാനങ്ങളും ഇപ്പോള്‍ പിന്തുടരാന്‍ വെമ്പല്‍ കൊള്ളുകയാണ്. ഫലം ദേശീയ പാര്‍ട്ടികള്‍ക്ക് അവിടങ്ങളില്‍ യാതോരു സ്വാധീനവും ഇല്ലാതെ വരുന്നു. അവര്‍ അപ്രസകതരാകുന്നു.

അന്തര്‍ സംസ്ഥാന വിഷയങ്ങളില്‍ ഉടക്ക് വരുമ്പോഴാണ് ഇതിന്റെ ഗൌരവം നമുക്ക്‌ ബോധ്യപ്പെടുക. അത് നദീ ജല പ്രശ്നമയാലും ചരക്കു കടത്തായാലും മറ്റെന്തായാലും. അവിടെ കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വരികയാണ്. ഒപ്പം കേന്ദ്രഭരണത്തില്‍ നിര്‍ണ്ണായക ശക്തിയാണെങ്കില്‍ നിയമം കൂടി അവര്‍ക്കനുകൂലമാകുന്ന സ്ഥിതിയാണ്. ഏകകക്ഷി ഭരണത്തില്‍ ഈ പ്രശ്നം അത്ര രൂക്ഷമാകില്ല. അത് പരിഹരിക്കാന്‍ എളുപ്പവുമാണ്. ഇവിടെ പ്രശ്നം എളുപ്പത്തില്‍ വഷളാവുകയും തീരുമാനമാകാന്‍ ഏറെ വൈകുകയും ചെയ്യും അതിന്റെ മുറിവുണങ്ങാന്‍ അതിലേറെ സമയമെടുക്കുകയും ചെയ്യും. ഇത്തരം ഒരു ആപല്‍ക്കരമായ സ്ഥിതിവിശേഷം ഇതില്‍ നില നില്‍ക്കുന്നുട്. ഇത് പലപ്പോഴും ഭാഷാടിസ്ഥാനത്തിലോ, വംശീയാടിസ്ഥാനത്തിലോ ഉള്ള ലഹളകള്‍ക്കും അക്രമങ്ങള്‍ക്കും വഴിവെക്കും. ഇത്തരം ആഭ്യന്തര കലഹങ്ങള്‍ പരിഹരിക്കാന്‍ തന്നെ വലിയ ബുദ്ധിമുട്ടും ആയിരിക്കും.

“ഇന്ന് സാമൂഹ്യമായും സാമ്പത്തികമായും ഉദ്യോഗപരമായും ഉന്നതിയിലെത്തുന്നവന് സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ഒരു ലാവണം വേണം. അതിനു ജാതി സ്വത്വത്തെ കൂട്ടുപിടിക്കുകയാണ്. ഇങ്ങനെയാണ് സമുദായ ജാതി സംഘടനകള്‍ പെരുകുന്നത്. ഇതിനു സാമ്രാജ്യത്വത്തിന്റെ അകമഴിഞ്ഞ സഹായവുമുണ്ട്. എന്‍ ജി ഒ കള്‍ എന്ന നിലയില്‍ പ്രവര്ത്തിക്കുന്ന ഇത്തരം സംഘടനകള്ക്ക് ലഭിക്കുന്ന വിദേശ ഫണ്ടുകള്‍ അത്തരത്തില്‍ ലഭിക്കുന്നതാണ്. പരസ്പരം ഏറ്റുമുട്ടുന്ന സംഘടനകള്ക്ക് ഒരേ ഫണ്ടിംഗ് ഏജന്സി തന്നെയാവും ഫണ്ട് നല്കുന്നത്. ഇത് വര്ഗ്ഗ പ്രസ്ഥാനത്തെ ക്ഷീണിപ്പിക്കുന്നതിനും വര്ഗ്ഗാടിസ്ഥാനത്തിലുള്ള ഒത്തു ചെരലിനെ ഇഴ പിരിയിക്കുന്നതിനുമാണ്” എന്ന സഖാവ് എം.വി. ഗോവിന്ദന്‍ മാസ്റ്റരുടെ അഭിപ്രായം പ്രസ്കതമാണ്.

ഇതോടൊപ്പം തന്നെ ചര്ച്ച് ചെയ്യപ്പെടേണ്ട ഒരു കാര്യമാണ് വിദേശത്തും സ്വദേശത്തും കൂണ് പോലെ മുളച്ചു പൊന്തുന്ന പ്രാദേശിക സംഘടനകളും അവയുടെ പ്രവര്ത്തനങ്ങളും. ഗല്ഫ് രാജ്യങ്ങളില്‍ നോക്കിയാല്‍ ഒരു ജില്ലയിലെ തന്നെ വിവിധ ഭാഗങ്ങളിലുള്ളവരുടെ പേരില്‍ നിരവധി അനവധി സംഘടനകള്‍ കാണാം. അത് പ്രാദേശികമായും, മതപരമായും, ജാതീയമായും, രാഷ്ട്രീയമായും സംഘടിച്ചിരിക്കുന്നത് കാണാം. ഇതില്‍ പലതും നേരത്തെ ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടികാണിച്ച പ്രവണതയുടെ ഭാഗമായിട്ടുണ്ടായതാണ്. ഇവര്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനവും നാം കുറച്ചു കണ്ടു കൂടാ. ഇവരില്‍ പലരും ജീവ കാരുണ്യ പ്രവര്ത്തനങ്ങളിലൂടെയാണ് തങ്ങളുടെ പ്രവര്ത്തനം ജനങ്ങളുടെയിടയില്‍ നടത്തുന്നത്. ഇതോടൊപ്പം തന്നെ ഇവരില്‍ പലരും അരാഷ്ട്രീയ വാദത്തിനു അടിമപ്പെട്ടിരിക്കുന്നതും കാണാം. പ്രാദേശിക കൂട്ടായ്മകള്‍ സംഘടിപ്പിക്കുമ്പോള്‍ അതില്‍ രാഷ്ട്രീയമില്ല എല്ലാ രാഷ്ട്രീയക്കാരും അതില്‍ ഉണ്ട് എന്ന പേരില്‍ സംഘടിപ്പിക്കുകയും ഒടുവില്‍ അത് ആരാഷ്ട്രീയതലത്തിലേക്ക്‌ വഴുതി മാറുകയും ചെയ്യുന്ന കാഴ്ചയാണ് നാം കണ്ടു വരുന്നത്. എത്രയോ ഇടത് പക്ഷ പ്രവര്ത്തകര്‍ അടക്കം ഈ ചതിക്കുഴിയില്‍ അകപ്പെട്ടിട്ടുണ്ട് എന്നുള്ളതും ഒരു വസ്തുതയാണ്.

നേരത്തെ നാട്ടില്‍ സംഭവിച്ചതിന്റെ മറ്റൊരു ആവര്ത്തനമാണ് ഗള്ഫിലും സംഭവിക്കുന്നത്. രാഷ്ട്രീയ സാംസ്ക്കാരിക സംഘടനകള്ക്ക് മൊത്തം ജനവിഭാഗത്തിന്റെ താല്പര്യങ്ങള്‍ പൂര്ണ്ണമായി ഉള്ക്കൊള്ളാന്‍ കഴിയാത്ത ഒരു അവസ്ഥ വരുമ്പോഴാണ് ഇത്തരം പ്രാദേശിക സംഘടനകള്ക്ക് രൂപം കൊള്ളാനുള്ള സാഹചര്യം ഉണ്ടാകുന്നത്. അത് ഓരോ പ്രദേശത്തെയും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍, പള്ളി, അമ്പലം, സ്കൂള്‍, വായനശാല, മറ്റു സാംസ്കാരിക സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവക്കുള്ള സാമ്പത്തിക സഹായം എന്നിവയിലൂടെയാണ് ഇത് പൊട്ടിമുളക്കുന്നത്. ഇതോടൊപ്പം തന്നെ സ്കൂള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ പഠിച്ചവര്‍ തമ്മിലുള്ള കൂട്ടായ്മകളും ഇതില്‍ ഉള്പ്പൊടും. പലപ്പോഴും ഇത്തരം കൂട്ടായ്മകളില്‍ രാഷ്ട്രീയം ഉണ്ടാകില്ല, രാഷ്ട്രീയത്തിനതീതമായിരിക്കും, അവരവരുടെ രാഷ്ട്രീയം നിലനിര്ത്തികൊണ്ട് തന്നെ ഇത്തരം കൂട്ടായ്മകളില്‍ സഹകരിച്ചു പ്രവര്ത്തി ക്കും. എന്നാല്‍ ബോധപൂര്‍വ്വം ഇത്തരം കൂട്ടായ്മകളെ ആരാഷ്ട്രീയവാദത്തിനു ഉപയോഗപ്പെടുത്തുന്നതിനെ നാം ചെറുത്തു തോല്പ്പിക്കുക തന്നെ വേണം.

ഇത്തരം സംഘടനകളില്‍ സജീവമായി ഇടപെടുന്നതോടൊപ്പം തന്നെ അതിലെ തെറ്റായ പ്രവണതകള്ക്കെതിരെ നിരന്തരമായ ആശയ സമരവും മുന്നോട്ടു കൊണ്ട് പോകേണ്ടതുണ്ട്. ചുരുക്കത്തില്‍ ഒരേ സമയം ഇത്തരം പ്രാദേശിക കൂട്ടായ്മയില്‍ പങ്കു കൊണ്ട് തന്നെ അതിലെ നല്ല വശങ്ങള്‍ ഉപയോഗപ്പെടുത്തി കൊണ്ട് തന്നെ അതിലെ മോശം വശങ്ങള്ക്കെതിരെയുള്ള സമരത്തില്‍ നിരന്തര പങ്കാളിയാവുകയും വേണം. ഒപ്പം ഇത്തരം പ്രാദേശിക കൂട്ടായ്മകളെ അയിത്തം കല്പ്പിച്ചു അകറ്റി നിര്ത്താതെ അവരെ കൂടി കൂട്ടി യോജിപ്പിച്ചു കൊണ്ടുള്ള കൂട്ടായ്മകള്‍ പൊതു വിഷയത്തില്‍ ഉണ്ടാക്കിയെടുക്കുകയും അങ്ങിനെ അവരെ പൊതു പ്രശ്നങ്ങളില്‍ ക്രമേണ ക്രമേണ സജീവമായി പന്കാളികളാക്കുവാനുമുള്ള ബോധപൂര്‍വ്വമായ പ്രവര്ത്ത്നം ഇനിയും ശക്തിയായി ഉണ്ടാവേണ്ടിയിരിക്കുന്നു.

സ്വത്വ രാഷ്ട്രീയത്തിന്റെ അപകട സാധ്യത മനസ്സിലാക്കി അതിനെതിരെ പൊരുതുന്ന ഓരോ ഇടതുപക്ഷക്കാരനും അവശ്യം മനസ്സിരുത്തെണ്ട ഒരു കാര്യമാണിത്. നിങ്ങള്‍ ഒരാളെ അല്ലെങ്കില്‍ ഒരു ആള്കൂട്ടത്തെ അയിത്തം കല്പ്പി ച്ചു ദൂരെ മാറ്റി നിര്ത്തിയാല്‍ അവര്‍ ഒരിക്കലും നിങ്ങളുടെ കൂടെ വരാന്‍ പോകുന്നില്ല. മറിച്ചു അവരുടെ വ്യക്തിത്വം അംഗീകരിച്ചു കൊണ്ട് തന്നെ അവരെ പൊതു പ്രശ്നങ്ങളില്‍ പരമാവധി സഹകരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടത്തെണ്ടിയിരിക്ക്കുന്നു. പ്രവാസി ക്ഷേമനിധി, യാത്രാ പ്രശ്നം തുടങ്ങി പല കാര്യങ്ങളിലും ഇത്തരം കൂട്ടായ്മകള്‍ നമുക്ക് വളര്ത്തി യെടുക്കാന്‍ എളുപ്പം കഴിയും. അതിലൂടെ ഇത്തരം സംഘടനകളിലുള്ളവരുടെ അരാഷ്ട്രീയ ചിന്താഗതികള്‍ ക്രമേണ ക്രമേണ ഇല്ലാതാക്കാനും അവരെ പൊതു പ്രശ്നങ്ങളില്‍ സജീവമായി സഹകരിപ്പിക്കാനും നമുക്ക് കഴിയും. കഴിയേണ്ടതുണ്ട്. അതിനു വേണ്ടിയുള്ള ബോധപൂര്‍വ്വമായ പ്രവര്ത്തനങ്ങള്‍ ഇനിയും നടത്തെണ്ടതുണ്ട്. അങ്ങിനെ ചെയ്‌താല്‍ മാത്രമേ ഈ പ്രതിസന്ധിയെ നമുക്ക്‌ തരണം ചെയ്യാന്‍ കഴിയൂ.

അരാഷ്ട്രീയ വാദികളായവരെയും, പ്രാദേശികതാ വാദം ഉയര്ത്തുന്നവരെയുമടക്കം യാത്രാ പ്രശ്നത്തില്‍ നില നില്ക്കു ന്ന സര്ക്കാരിന്റെ തെറ്റായ നയങ്ങള്ക്കെതിരെ അണിനിരത്താന്‍ നമുക്ക്‌ കഴിയുന്നത് ഇത്തരം ബോധപൂര്‍വ്വമായ നിരന്തരമായ ഇടപെടലുകളിലൂടെ മാത്രമാണ്. ഇത് ഒരു തുടക്കം മാത്രമാകട്ടെ. ഈ രൂപത്തില്‍ സ്വത്വ ബോധത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിച്ചവരെയും അരാഷ്ട്രീയവാദികളെയും പൊതു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ നമുക്ക്‌ കൊണ്ട് വരാന്‍ കഴിയും. അവരെ അയിത്തം കല്പ്പി ച്ചു അകറ്റി നിര്ത്താതിരുന്നാല്‍ മാത്രം മതി. ഈ ഒരു ശ്രമം ഇതേ രൂപത്തില്‍ സ്വദേശത്തും ന്ടപ്പാക്കാവുന്നതാണ്.

അമ്പലങ്ങള്‍, പള്ളികള്‍ എന്നിവിടങ്ങളിലെ കമ്മിറ്റികളില്‍ പലപ്പോഴും ഇടത് പക്ഷ വിരുദ്ധര്ക്ക് മുന്തൂക്കം ലഭിക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അത്തരം കമ്മിറ്റികളുമായി സഹകരിക്കുകയും അതില്‍ നേതൃത്വപരമായ പങ്കും വഹിക്കുന്നതിലൂടെയും മാത്രമേ നമുക്ക്‌ അതിനെ അതിജീവിക്കാന്‍ കഴിയൂ. അയിത്തം കല്പ്പി്ച്ചു അകറ്റി നിര്ത്തു കയോ, സ്വയം അകന്നു നില്ക്കുകയോ ചെയ്യാതെ അവരെകൂടി സഹകരിപ്പിച്ചു കൊണ്ട് വേണം ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കാന്‍.
മുന്കാലങ്ങളില്‍ നാട്ടുമ്പുറത്തെ വായനശാലകളെ ഈ രൂപത്തില്‍ തങ്ങള്ക്കനുകൂലമായി മാറ്റിയെടുക്കാന്‍ സാധിച്ചത് ഇത്തരം ബോധപൂര്‍വ്വമായ ഇടപെടലുകലൂടെയായിരുന്നു. ഇന്നത്തെക്കാലത്ത് അതിനു വേണ്ടി ഫ്രാക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കുകയും അതിനെ മോണിട്ടര്‍ ചെയ്യുകയും ചെയ്യണം എന്ന് മാത്രം.

സ്ത്രീകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍, ആദിവാസികളെയും മറ്റു പിന്നോക്കക്കാരെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ അവരുടെ സ്വത്വ പ്രശ്നങ്ങള്‍ ഇവയിലൊക്കെ ബോധപൂര്‍വ്വമായ ഇത്തരം ഇടപെടലുകള്‍ നടത്തിയാല്‍ അതിന്റെ ഇന്നത്തെ അവസ്ഥ മാറ്റിയെടുത്ത്‌ അതിനെ നമുക്കനുകൂലമാക്കിയെടുക്കാന്‍ കഴിയും. സ്വത്വ പ്രശ്നങ്ങള്‍ ഉയര്ത്തു ന്ന വെല്ലുവിളികള്ക്ക് പരിഹാരം കാണാന്‍ അവരുടെ കൂടെ ഉറച്ചു നില്ക്കുകയും അതോടൊപ്പം അവരെ മുഖ്യധാരാ സമൂഹത്തിലെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടുവിക്കുകയും ചെയ്യിക്കുക എന്ന മഹത്തായ കടമ ഏറ്റെടുക്കാന്‍ നാം തയ്യാറാകണം. അല്ലാതെ ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം ഇല്ല.

പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി തുടങ്ങിയ പൊതു സമൂഹത്തെ ബാധിക്കുന്ന പ്രശന്ങ്ങളില്‍ നടത്തുന്ന സമരപരിപാടികളില്‍ ഇത്തരക്കാരുടെയൊക്കെ പങ്കാളിത്തം ഉറപ്പു വരുത്താന്‍ നാം പരമാവധി പരിശ്രമിക്കണം. അങ്ങിനെ അവരെകൂടി ദേശീയ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വരണം. അത് നടപ്പിലാകണമെങ്കില്‍ മേല്പ്പുറഞ്ഞ കാര്യങ്ങള്‍ നാം ചെയ്യേണ്ടിയിരിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ