2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

നരാധമന്‍ നരേന്ദ്ര മോദിയും അഴിമതിയില്‍ മുങ്ങികുളിച്ച കോണ്ഗ്രസും

ഏഴു മാസം കഴിഞ്ഞു നടക്കാനിരിക്കുന്ന പാര്‍ലിമെന്റ് തിരെഞ്ഞെടുപ്പിന്റെ കേളികൊട്ട് ഇപ്പഴേ തുടങ്ങിക്കഴിഞ്ഞു. അതിനു തുടക്കമിട്ടതാകട്ടെ ഭാരതീയ ജനതാ പാര്‍ട്ടിയും. അതിന്റെ ചുവടു പിടിച്ചു മറ്റു രാഷ്ട്രീയ പാര്‍ട്ടികളും.

നവ മാധ്യമങ്ങള്‍ക്കും യുവാക്കള്‍ക്കും ഏറെ സ്വാധീനമുള്ള ഒരു തിരെഞ്ഞെടുപ്പാണ് ഇത് എന്നതില്‍ യാതൊരു സംശയവുമില്ല. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, കോണ്ഗ്രസ് തൊട്ട് ബി.ജെ.പി. വരെ അതിന്റെ മാധ്യമ സെല്ലുകള്‍ രൂപികരിക്കുകയും അവര്‍ക്കായി പരിശീലനം നല്‍കി വരികയും ചെയ്യുന്നുണ്ട്. ഇതിനു പുറമെയാണ് ചാനല്‍ ചര്‍ച്ചകളില്‍ പോകുന്ന വക്താക്കള്‍ക്കുള്ള പഠന ക്ലാസ്സുകള്‍. ഇതിലൂടെയെല്ലാം ലക്ഷ്യമിടുന്നത് ഇടത്തരം, മധ്യവര്‍ഗ ചിന്താഗതിക്കാരായ ആളുകളെയാണ്. അവരാണ് പലപ്പോഴും വോട്ടു ബാങ്കുകളെ മാറ്റി നിര്‍ത്തിയാല്‍ തിരെഞ്ഞെടുപ്പിന്റെ വിധി നിര്‍ണ്ണയിക്കുന്നത്. കേരളത്തിലെ സ്ഥിതി നമുക്കറിയാമല്ലോ?

ഭൂരിപക്ഷം എന്ന് നമ്മള്‍ കരുതുന്ന എന്നാല്‍ യഥാര്‍ത്ഥത്തില്‍ ന്യൂന പക്ഷമായ ഈ മധ്യവര്‍ഗചിന്താഗതിക്കരാണ് പലപ്പോഴും സര്‍ക്കാറുകളെ നിശ്ചയിക്കുന്നത്. അത് കൊണ്ട് തന്നെ അവരെ പാട്ടിലാക്കാന്‍ സര്‍വ്വ വിധ അടവുകളും പയറ്റുക സ്വാഭാവികം. ഇവരെ പൂര്‍ണ്ണമായും സ്വാധീനിക്കുന്നത് ഇന്ന് മാധ്യമങ്ങളാണ്. അത് ചാനലുകള്‍ ആയാലും പത്രങ്ങള്‍ ആയാലും റേഡിയോ ആയാലും. ഈ വര്‍ഗക്കാരില്‍ ഇതിന്റെ സ്വാധീനം അത്രമാത്രമാണ്.

അത് കൊണ്ട് തന്നെ മധ്യവര്‍ഗ ചിന്താഗതിക്കാരെ മസ്തിഷ്ക്ക പ്രക്ഷാളനം നടത്തിയാല്‍ തങ്ങള്‍ക്കനുകൂലമായ മനസ്ഥിതി അവരില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചാല്‍ അവരുടെ വോട്ടുകള്‍ നമുക്ക് കിട്ടും എന്ന് രാഷ്ട്രീയ പാര്ട്ടികള്‍ക്കറിയാം. അതിനു വേണ്ടി അവരെ പിന്താങ്ങുന്ന കോര്‍പ്പറേറ്റ്കള്‍ അവര്‍ക്ക് വേണ്ടി കാശിറക്കി കളിക്കുന്നു. ഈ കാശ് പിന്നീട് അവര്‍ സര്‍ക്കാറില്‍ നിന്ന് പലവഴിക്കായി തിരിച്ചു പിടിക്കുകയും ചെയ്യും. അതെങ്ങിനെയെക്കെയാണെന്ന് നമുക്കിന്ന്‍ ഏറെക്കുറെ അറിയാം. നിരന്തരമായ വിലക്കയറ്റവും അഴിമതികളും അതിന്റെ പരിണിത ഫലങ്ങളാണ്.

അഴിമതിയില്‍ മുങ്ങിക്കുളിച്ച, വിലക്കയറ്റത്താല്‍ പൊറുതി മുട്ടി നില്‍ക്കുന്ന ഒരു ഭരണം നടത്തുന്ന സര്‍ക്കാറിനെതിരെ സ്വാഭാവികമായി ഉയര്‍ന്നു വരുന്ന ജനരോഷം പലവഴിക്കും വഴി തിരിച്ചു വിടാന്‍ നടത്തിയ ശ്രമങ്ങള്‍ (അണ്ണാ ഹസാരെയുടെ സമരങ്ങള്‍) )നാം മറന്നിട്ടില്ല. എന്നാല്‍ സംഗതികള്‍ പിന്നെയും വഷളാകുന്ന സ്ഥിതിയാണ് നാം കണ്ടത്. അങ്ങിനെ ഈ സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തെ ഒരു തരത്തിലും പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ കോര്‍പ്പറേറ്റുകള്‍ ഇപ്പോള്‍ ബി.ജെ.പി.ക്ക് ഒരവസരം നല്‍കാന്‍ തയ്യാറെടുക്കുകയാണ്. അതിനായി ജന മനസ്സിനെ സജ്ജരാക്കുക എന്ന കടമയാണ് അവര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

അഴിമതി, വിലക്കയറ്റം ദുര്‍ഭരണം എന്നിവ കൊണ്ട് പൊറുതി മുട്ടിയ സര്‍ക്കാറിനെതിരെ ഉയര്‍ന്നു വരുന്ന സ്വാഭാവിക ജനരോഷം തങ്ങള്‍ക്കെതിരായ ഒരു മൂന്നാം മുന്നണി രൂപപ്പെടുന്നതില്‍ ഒരിക്കലും ചെന്നെത്തരുത് എന്ന നിര്‍ബന്ധം ഈ കോര്‍പ്പറേറ്റ്കല്‍ക്കുണ്ട്. അങ്ങിനെ വന്നാല്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടില്ല എന്ന് അവര്‍ക്കറിയാം. അവിടെയാണ് അവര്‍ കൊണ്ഗ്രസിന്റെ അതെ നയങ്ങള്‍ തന്നെ പിന്തുടരുന്ന ബി.ജെ.പി.യെ പിന്തുണക്കാന്‍ എത്തുന്നത്. അതിനു എതിര് നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ പലവഴിക്കും ഇല്ലാതാക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നത്. അതിനു അവര്‍ക്ക് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണ കൂടിയുണ്ട് എന്നുള്ളത് നാം കുറച്ചു കാണേണ്ടതില്ല.

അങ്ങിനെ കൊണ്ഗ്രസിനും ബി.ജെ.പി.ക്കും ബദലായി വരുന്ന ഇടതുപക്ഷത്തെയും മൂന്നാം മുന്നണിയിലേക്ക് വരാന്‍ തയ്യാറുള്ള പാര്‍ട്ടികളെയും പല വഴിക്കും തിരെഞ്ഞുപിടിച്ചു ആക്രമിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്‌. ബംഗാളും കേരളവും തകര്‍ത്താല്‍ ഇടതുപക്ഷം ഉണ്ടാകില്ലെന്നും മറ്റ് സംസ്ഥാനങ്ങളിലെ ഇവരെ പിന്തുണയ്ക്കുന്ന ഇവരുമായി സഹകരിക്കുന്ന പ്രാദേശിക പാര്‍ട്ടികളെ ക്ഷീണിപ്പിച്ചാല്‍, ഭിന്നിപ്പിച്ചാല്‍ അങ്ങിനെയോരു മുന്നണി രൂപപ്പെടില്ലെന്നും കണക്കാക്കുന്ന അതനുസരിച്ച് കാര്യങ്ങള്‍ നീക്കുന്ന രാഷ്ടീയത്തെ കണ്ടില്ലെന്നു നടിച്ചു ഉപരിപ്ലവമായ അഭിപ്രായങ്ങളുമായി ആരും ഇറങ്ങി തിരിക്കരുത്.

അങ്ങിനെ മൂന്നാം മുന്നണിയെ ആദ്യമേ ക്ഷീണിപ്പിച്ചുകൊണ്ട് ഇല്ലാതാക്കി കൊണ്ട് കോണ്ഗ്രസും ബി.ജെ.പി.യും മാത്രമേയുള്ളൂ നിങ്ങളുടെ മുന്നില്‍. അതില്‍ കോണ്ഗ്രസ് അഴിമതി, വിലക്കയറ്റം എന്നിവ കൊണ്ട് ജങ്ങളുടെ മനസ്സില്‍ വെറുക്കപ്പെട്ട ഒരു പാര്‍ട്ടിയായി മാറി കാഴിഞ്ഞു. എങ്കില്‍ ഇനി നിങ്ങള്‍ ബി.ജെ.പി.യെ തിരെഞ്ഞെടുക്കൂ എന്ന് അവര്‍ ആവശ്യപ്പെടുകയാണ്. നിങ്ങളുടെ മുന്നില്‍ വേറെ വഴിയില്ല ഒന്നുകില്‍ കോണ്ഗ്രസ് അല്ലെങ്കില്‍ ബി.ജെ.പി. ഇതാണ് അവരുടെ നിലപാട്.

ആ സമയത്താണ് ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരാധമന്‍ നരേന്ദ്ര മോദിയെ അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. അതിനു വേണ്ടി ആദ്യം ഗുജറാത്തിലെ വികസന കാര്യങ്ങളെക്കുറിച്ച് കോര്‍പ്പറേറ്റുകളെക്കൊണ്ട് സ്തുതി പാടിപ്പിക്കുകയും അതേറ്റു പിടിച്ചു കൊണ്ട് രാജ്യമാകമാനം ഗുജറാത്ത് മോഡല്‍ വികസനം വരണമെങ്കില്‍ മോദി പ്രധാന മന്ത്രിയാകണം എന്ന് അവര്‍ വാദിക്കുകയും ചെയ്യുന്നു. കേട്ടാല്‍ തോന്നും ഗുജറാത്തില്‍ പാലും തേനും ഒഴുകുകയാണ് എന്ന്. അവിടെ ഇനി ഒരു വികസനത്തിന്റെയും ആവശ്യമില്ലെന്ന്. അത് കൊണ്ട് ഇനി അത് പോലെ ഇന്ത്യ മുഴുവന്‍ അങ്ങ് വികസനം നടത്തിക്കളയാം എന്ന്.

എന്താണ് ഗുജറാത്തിലെ പാവപ്പെട്ട കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും സ്ഥിതി? സാധാരണക്കാരന്റെ ജീവിത നിലവാരം എവിടെ എത്തി നില്‍ക്കുന്നു? പട്ടണങ്ങളില്‍ കുറെ റോഡുകളും പാലങ്ങളും പണിതാല്‍ വ്യാവസായ സ്ഥാപനങ്ങള്‍ ഉണ്ടായാല്‍ കൂറ്റന്‍ ഫ്ലാറ്റുകള്‍ പണിതാല്‍ വികസനം പൂര്‍ണ്ണമായി എന്നാണോ? അത് വേണ്ടന്നല്ല. ഇതാണോ മധ്യ വര്‍ഗ വികസന കാഴ്ചപ്പാട്?? A new analysis of data from the National Sample Survey Organisation reports during the 1999-2012 period. “The top five states in rural spending are Kerala, Punjab, Haryana, Tamil Nadu and Andhra Pradesh.” അപ്പോള്‍ എവിടെ പോയി ഗുജറാത്ത് ?? അവിടുത്തെ ഗ്രാമങ്ങളില്‍ എന്ത് വികസനമാണ് നടക്കുന്നത് ???

സംസ്ഥാന സര്‍ക്കാരിന്റെ ചുവപ്പ് നാടയില്‍ കുടുങ്ങി വ്യവസായം തുടങ്ങാന് ബുദ്ധിമുട്ടുന്ന ഒരു ന്യൂനപക്ഷത്തെ സര്‍ക്കാരിന്റെ ചുവപ്പ് നാട മൂലമുണ്ടാകുന്ന വിഷമങ്ങള്‍ ഒഴിവാക്കി കൊടുക്കുവാന്‍ വേണ്ടി നടത്തിയ ഏകജാലക സമ്പ്രദായമാണ് പൊതുവേ ശ്രദ്ധിക്കപ്പെട്ടതും ചര്‍ച്ചയായതും. ഇതിനെ വികസനത്തിന്റെ അവസാന വാക്കായി ചിലര്‍ ഉയര്‍ത്തിക്കാട്ടി. മറ്റ് കാര്യങ്ങള്‍ എല്ലാം ബോധപൂര്‍വ്വം മറച്ചു വെക്കുകയും ചര്‍ച്ചയില്‍ വരാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നുള്ളതല്ലേ ശരി.

ഇന്ത്യയില്‍ നിരവധി അനവധി വര്‍ഗീയ ലഹളകള്‍ പല സംസ്ഥാനത്തും പലപ്പോഴായി നടന്നിട്ടും ഇന്നും എന്ത് കൊണ്ട് ഗുജറാത്ത് വംശ ഹത്യ മാത്രം (വര്‍ഗീയ ലഹള) മാത്രം ആളുകള്‍ ഇപ്പോഴും പറയുന്നു? അത് ബി,ജെ,.പിയോടുള്ള വിരോധം ഒന്ന് കൊണ്ട് മാത്രമാണോ? ഒരിക്കലുമല്ല ഇന്ത്യയില്‍ ഇത് വരെ നടന്ന വര്‍ഗീയ ലഹളകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത ഒരു വര്‍ഗീയ കലാപമായിരുന്നു നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നേതൃത്വത്തില്‍ അന്ന് നടന്ന വര്‍ഗീയ ലഹള. അതിനു മോദിയെ സഹായിച്ച പലരും ഇന്ന് ജയിലഴികള്‍ക്കുള്ളില്‍ ആയി. പലരും മോദിയെ തള്ളിപ്പറഞ്ഞു. എന്നാല്‍ മോദി ഇപ്പോഴും അക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും തയ്യാറായിട്ടില്ല.

മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു ശേഷം ഇന്ത്യയില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് യു.പി.യിലെ മുസഫര്പൂരില്‍ നടത്തിയ വര്‍ഗീയ ലഹളകള്‍ക്ക് ബി.ജെ.പി.യുടെ എം.എല്‍.ഏ.മാര്‍ തന്നെ നേരിട്ട് നേതൃത്വം കൊടുത്തതും അതിനെ തുടര്‍ന്ന്‍ ആ എം.എല്‍.ഏ.മാര്‍ അറസ്റ്റിലായതും നമ്മുടെ കണ്മുന്നില്‍ ആണല്ലോ? ഇനി വരാനിരിക്കുന്ന ഏഴു മാസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ കൂടുതല്‍ ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ട് കൊണ്ട് എത്ര മാത്രം വര്‍ഗീയ ലഹളകള്‍ ആസൂത്രണം ചെയ്യും എന്നെ കാണാനുള്ളു. അത് നടക്കാതിരിക്കണമെങ്കില്‍ സര്‍ക്കാരും ജനങ്ങളും ജാഗരൂകരായിരിക്കണം.

ബി,ജെ.പി.യെ സംബന്ധിച്ചിടത്തോളം ഭരണത്തില്‍ കയറാന്‍ വേണ്ടി അവര്‍ അതും അതിന്റെ അപ്പുറവും ചെയ്യും. ഹിന്ദു തീവ്രവാദികളെ ഉപയോഗപ്പെടുത്തികൊണ്ട് ഹിന്ദു ദേവലായങ്ങളെ അപമാനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി അത് മുസ്ലിം തീവ്രവാദികളുടെ പേരില്‍ കെട്ടിവെച്ചു മറ്റൊരു വര്‍ഗീയ ലഹള വരാനിരിക്കുന്ന മാസങ്ങളില്‍ നടത്തിക്കൂടെന്നില്ല.

ഏതു വിധേയനെയും ഭരണം പിടിച്ചെടുക്കാന്‍ വേണ്ടി ഇത്തരം എന്ത് പ്രവര്‍ത്തനങ്ങളും അവരില്‍ നിന്ന് പ്രതീക്ഷിക്കാം. അതിനു പ്രോത്സാഹനം നല്‍കുന്ന വിധത്തിലുള്ള ചില മുസ്ലിം തീവ്ര വാദ സംഘടനകള്‍ ഇവിടെയുള്ളപ്പോള്‍ പ്രത്യേകിച്ചും. ഇനി ഈ രണ്ടു തീവ്രവാദികളും കൂടി ഒത്തൊരുമിച്ചു അത്തരം ഒരു നാടകം നടത്തിയാലും അതില്‍ അത്ഭുതപ്പെടെണ്ടതില്ല

കരുതിയിരിക്കുക എന്ന് മാത്രമേ പറയാനുള്ളൂ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ