2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

വികസന പ്രിയരും മോദി ഭക്തരും

കഴിഞ്ഞ കുറെ നാളുകളായി കൊര്‍പ്പറെറ്റ് ഭീമന്‍മാര്‍ തങ്ങളുടെ രാഷ്ട്രീയ പ്രതീക ചിഹ്നമായി (ഐക്കൊന്‍)) ഗുജറാത്തിലെ നരേന്ദ്ര മോദിയെ ഉയര്‍ത്തി കാട്ടാന്‍ തുടങ്ങിയിട്ട്. വലതു പക്ഷ രാഷ്ട്രീയം എന്ന നാണയത്തിന്റെ ഇരു വശങ്ങളാണ് കോണ്ഗ്രസും ബി.ജെ.പി.യും എന്ന് തിരിച്ചറിയാത്തവര്‍ ഇന്ത്യയില്‍ ഇനിയും ഉണ്ട് എന്നത് വസ്തുതയാണ്. അത് കൊണ്ട് തന്നെയാണ് നിലവിലുള്ള കോണ്ഗ്രസ് ഭരണത്തിനെതിരെ അതിശക്തമായ ജനരോഷം എല്ലാ മേഖലയിലും ഉയര്‍ന്നു വരുമ്പോള്‍ അതില്‍ നിന്ന് ഉടലെടുത്തെക്കാവുന്ന പുതിയ ജനമുന്നേറ്റത്തെ തടയിടാനും വഴി തിരിച്ചു വിടാനും തങ്ങളുടെ കാര്യങ്ങള്‍ എന്നും ഭംഗിയായി നടത്താനും വേണ്ടി കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ ഒരേ സമയം കൊണ്ഗ്രസിനും ബി.ജെ.പി.ക്കും തങ്ങളുടെ സഹായം നല്‍കുന്നത്. 

അവരെ സംബന്ധിച്ചിടത്തോളം കോണ്ഗ്രസ് ആയാലും ബി.ജെ.പി.ആയാലും അവരുടെ കാര്യം നടക്കണം. ഇത് രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് താനും. എന്നാല്‍ ഇതില്‍ ഏതെങ്കിലും ഒരു സര്‍ക്കാരിനെതിരെ ജനവികാരം ഉയരുമ്പോള്‍ മറ്റേ പാര്‍ട്ടിയുടെ സര്‍ക്കാരിനെ അവര്‍ അവരോധിക്കും. അങ്ങിനെ കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് അനുപൂരകമായി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിശ്ചയിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുകയാണ്. ഈ രണ്ടു പാര്‍ട്ടികള്‍ക്കും എതിരായി ഒരു മൂന്നാം മുന്നണി ബദലായി ഉയര്‍ത്തികൊണ്ട് വരാന്‍ നമുക്ക് കഴിയേണ്ടിയിരിക്കുന്നു. ഇത്ര സങ്കീര്‍ണ്ണമായ ഒരു രാഷ്ട്രീയ സാഹചര്യം നിലനിര്‍ത്തികൊണ്ട് പോകുന്നതിലും അവര്‍ക്ക് വലിയ പങ്കുണ്ട്. അതനുസരിച്ച് പ്രാദേശിക രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണത്തിന്റെ സ്വാദ് ആസ്വദിക്കാന്‍ വേണ്ടി ഇതില്‍ ഏതെങ്കിലും പാര്‍ട്ടിയുടെ മുന്നണിയില്‍ ചേക്കേറും. ആ സ്ഥിതി മാറ്റി അവരെ ഉള്‍പ്പെടുത്തി കൊണ്ട് മൂന്നാം മുന്നണിയുടെ ഭരണം കാഴ്ച വെക്കാന്‍ നമുക്ക് കഴിയണം. .

തിരെഞ്ഞെടുപ്പിനു മുന്നേ പ്രാദേശിക പാര്‍ട്ടികളെ വിശ്വാസത്തിലെടുത്ത് കൊണ്ഗ്രസിനും ബി.ജെ.പിക്കും ബദലെന്ന രീതിയില്‍ ഒരു മൂന്നാം മുന്നണി തട്ടിക്കൂട്ടാനുള്ള രാഷ്ട്രീയ സാഹചര്യം പരിപക്വമായിട്ടില്ല എന്നാണു ഇടതു പക്ഷ പാര്‍ട്ടികള്‍ വിലയിരുത്തുന്നത്. അത് കൊണ്ട് തന്നെ നിലവില്‍ പാര്‍ട്ടി എന്ന നിലയില്‍ ഒറ്റക്ക് മത്സരിച്ചു കൊണ്ട് തിരെഞ്ഞെടുപ്പിനു ശേഷം ഉരുത്തിരിഞ്ഞു വരുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് മുന്നണി രൂപീകരിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം എന്ന് അവര്‍ വിലയിരുത്തുന്നു. ഭരണത്തിനു വേണ്ടി ബി.ജെ.പി.യുടെയോ കൊണ്ഗ്രസിന്റെയോ കൂടെ മാറി മാറി പോകുന്ന ഇന്നത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഇടതു പാര്‍ട്ടികളുമായി കൂട്ട് കൂടി കൊണ്ട് മത്സരിക്കാന്‍ തയ്യാറായാല്‍ ഈ അവസ്ഥക്ക് ഒരു ചെറിയ മാറ്റം വരുത്താന്‍ കഴിയും. അതിനു അവരെ തയ്യാറാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇടതുപക്ഷത്തിന് ചെയ്യാനുള്ളത്. ഇടതു പക്ഷം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളിയും ഇത് തന്നെയാണ്.

അഴിമതിയില്‍ മുങ്ങികുളിച്ച് ജനങ്ങളാല്‍ വെറുക്കപെട്ട കോണ്ഗ്രസ് സര്‍ക്കാരിനെ വലിച്ചു താഴെയിടണം എന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ആര്‍ക്കും അതില്‍ എതിരഭിപ്രായമില്ല. എന്നാല്‍ അങ്ങിനെ താഴെയിട്ടു കഴിഞ്ഞാല്‍ പിന്നാലെ വരുന്ന ഭരണം ആരുടേതായിരിക്കും? ഇന്നത്തെ നിലയില്‍ അത് ഒരു പക്ഷെ ബി.ജെ.പി.യുടെതായിരിക്കാം. തീവ്ര ഹിന്ദുത്വം ഉയര്‍ത്തിപിടിക്കുന്ന ബി.ജെ.പി. ഭരണത്തില്‍ വന്നു കഴിഞ്ഞാല്‍ അത് ഇന്ത്യയുടെ മതേതരത്വത്തിനു ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എത്രയായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് മുതല്‍ യു.പി.ലെ മുസഫര്നഗരില്‍ നടത്തിയ വര്‍ഗീയ ലഹളകളില്‍ കൊല്ലപ്പെട്ടത് എത്ര പേരായിരുന്നു. അയോധ്യ പ്രശ്നം കുത്തി പൊക്കി നടത്തിയ സമരവും ഹര്‍ത്താലും എന്തിനു വേണ്ടിയായിരുന്നു? ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചു കൊണ്ട് തങ്ങളുടെ അധികാര കസേര ഉറപ്പാക്കാന്‍ വേണ്ടി ഇവര്‍ നടത്തുന്ന ശ്രമങ്ങള്‍ ഇന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. വരാനിരിക്കുന്ന മാസങ്ങളില്‍ തിരെഞ്ഞെടുപ്പിനു മുമ്പായി ഇനി എത്രയെത്ര വര്‍ഗ്ഗീയ ലഹളകളെ നാം നേരിടേണ്ടി വരും എന്നതാണ് നാം കാണാന്‍ പോകുന്നത്. തിരെഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി ഏതു കിരാത നടപടിക്കും ഇവര്‍ തയ്യാറാവും എന്നുള്ളത് നാം ഭയപ്പാടോടെ ഓര്‍ക്കേണ്ട കാര്യമാണ്. അതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ നാം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുമാണ്.

ആദ്യകാലത്ത് തീര്‍ത്തും ഒറ്റപ്പെട്ടിരുന്ന ബി.ജെ.പി. ക്രമേണ ക്രമേണ മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ കൂടി കൂട്ടുപിടിച്ചു മുന്നണി ഉണ്ടാക്കി മത്സരിച്ചു അധികാരത്തില്‍ വന്നത് നാം കണ്ടു കഴിഞ്ഞു. അന്ന് കുറെയൊക്കെ മതേതര മുഖമുള്ള വാജ്പേയി ആയിരുന്നു അവരുടെ പ്രധാന മന്ത്രി എങ്കില്‍ പിന്നീട് ആ സ്ഥാനം കയ്യടക്കാന്‍ വേണ്ടി തീവ്ര ഹിന്ദുത്വ നിലപാട് തുടക്കത്തില്‍ സ്വീകരിച്ച അദ്വാനി മുന്നോട്ട് വരുന്ന കാഴ്ചയാണ് നാം കണ്ടത്. വാജ്പേയി രാഷ്ട്രീയ വനവാസം സ്വീകരിച്ച പോലെയുമായി. ഈ അവസരത്തിലാണ് കോണ്ഗ്രസ് ശക്തമായ തിരിച്ചു വരവ് നടത്തിയത് അതും മറ്റു മുന്നണികളെ കൂട്ടുപിടിച്ചു കൊണ്ടാണെങ്കിലും.

ഇതില്‍ ആദ്യം ബി.ജെ.പി.യെ അധികാരത്തില്‍ നിന്ന് പുറത്ത് നിര്‍ത്താന്‍ വേണ്ടി ഇടതു പാര്‍ട്ടികള്‍ കോണ്ഗ്രസ് മുന്നണിയെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചു. അങ്ങിനെയാണ് ഒന്നാം യു.പി.ഏ. മുന്നണി അധികാരത്തില്‍ വന്നതും ബി.ജെ.പി. ഭരണത്തിനു പുറത്തായതും. ഈ മുന്നണി ആണവകാരാറിന്റെ പേരില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിചപ്പോള്‍ കോണ്ഗ്രസ് മറ്റു പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ നേടി ഭരണം തുടരുകയും തുടര്‍ന്നുള്ള തിരെഞ്ഞെടുപ്പില് വീണ്ടും ഇടതു പക്ഷത്തിന്റെ പിന്തുണയില്ലാതെ തന്നെ ഭരണത്തില്‍ എത്തുകയും ചെയ്തു. വീണ്ടും ബി.ജെ.പി.ക്ക് ഭരണം നേടാനായില്ല.

അങ്ങിനെ വാജ്പേയിക്ക് ശേഷം പ്രധാനമന്ത്രി കുപ്പായം തുന്നി കാത്തിരുന്ന അദ്വാനിക്ക് തന്റെ നറുക്ക് വീണതെയില്ല. വീണ്ടും ഒരു തിരെഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കുന്ന സമയത്താണ് നാമിപ്പോള്‍..

ഈ ഒരു അവസരത്തിലാണ് ഗോദ്രാ സംഭവത്തിന്റെ പേരില്‍ ഗുജറാത്തില്‍ അതി നിഷ്ടൂരവും മൃഗീയവുമായ രീതിയില്‍ വംശ ഹത്യകളും കൊലപാതകങ്ങളും നടത്തിയ നരാധമന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വികസന വീരന്‍ എന്ന നെറ്റിപ്പട്ടം ചാര്‍ത്തി കോര്‍പ്പറേറ്റുകള്‍ ജനങ്ങളുടെ മുന്നാകെ അവതരിപ്പിക്കുന്നത്‌.

വികസനം എന്ന പദത്തോടുള്ള മധ്യവര്‍ഗ ചിന്താഗതിക്കാരുടെ അഭിനിവേശം പരമാവധി മുതലെടുക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഇവര്‍ ചെയ്യുനത്. യഥാര്‍ത്ഥത്തില്‍ എന്ത് വികസനമാണ് ഗുജറാത്തില്‍ നടക്കുന്നത് എന്നുള്ള കാര്യത്തില്‍ ഇന്നും രണ്ടഭിപ്രായം നില നില്‍ക്കുന്നു. വികസനത്തോടുള്ള നമ്മുടെ കാഴ്ചപ്പാടില്‍ തന്നെ ഒരു വലിയ അഴിച്ചു പണിയുടെ ആവശ്യം ഉണ്ട്.

കാര്‍ഷിക മേഖലയിലായാലും മറ്റു അടിസ്ഥാന വര്‍ഗങ്ങളുടെ മേഖലയിലായാലും കാര്യമായ ഒരു പുരോഗതിയും മോഡിക്ക് ഉണ്ടാക്കുവാന്‍ സാധിച്ചിട്ടില്ല. പിന്നെ കൊട്ടിഘോഷിക്കുന്ന ഈ വികസനം ഏതു മേഖലയിലാണ് ഉണ്ടായിരിക്കുന്നത്? അതിന്റെ ഗുണ ഭോക്താക്കള്‍ എത്ര ശതമാനമാണ്? ഇതിലേക്ക് കടക്കുമ്പോഴാണ് മോദിയും കൊര്‍പ്പറെറ്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ട് കേട്ട് നമ്മുടെ ശ്രദ്ധയില്‍ പെടുക. ഈ അവിശുദ്ധ കൂട്ട് കേട്ട് പടച്ചു വിടുന്ന വികസനമാണ്‌ ഇന്ത്യയൊട്ടാകെ വികസന മന്ത്രമായി തിരെഞ്ഞെടുപ്പ് പ്രചരണമായി അവര്‍ ഉയര്‍ത്തികൊണ്ട് വരാന്‍ പോകുന്നത്.

കൊര്‍പ്പറേറ്റ്കള്‍ പണം വാരിയെറിഞ്ഞു മാധ്യമങ്ങളെ വിലക്കെടുത്ത് നിരന്തരമായി പൊതുജനങ്ങളുടെ മസ്തിഷ്ക്ക പ്രക്ഷാളനം നടത്തികൊണ്ടിരിക്കുകയാണ് ഇപ്പോള്‍.. കൊണ്ഗ്രസിനെ മറിച്ചിട്ട് ബി.ജെ.പി.യെ കൊണ്ട് വരിക നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി കൊണ്ട് വരിക. നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും. ഇതാണ് അവര്‍ ഇപ്പോള്‍ നടത്തുന്ന പ്രചരണം. ഇതില്‍ എത്ര മാത്രം വാസ്തവമുണ്ട്?

നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായി വന്നാല്‍ തീരുന്ന പ്രശ്നങ്ങളാണോ ഇവിടെയുള്ളത്? കൊണ്ഗ്രസിന്റെയും ബി.ജെ.പി.യുടെയും നയങ്ങളില്‍ എന്താണ് വിത്യാസം? അതു കൊണ്ട് തന്നെ മോഡിക്ക് വിസ നിഷേധിക്കുന്ന അമേരിക്കക്ക് മോദിയായാലും കോണ്ഗ്രസ് ആയാലും ഒരു പ്രശ്നവുമില്ല. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കൊണ്ഗ്രസ് ഭരണത്തില്‍ മനം മടുത്ത ജാനങ്ങള്‍ക്ക് ഒരു ഭരണമാറ്റം ആവശ്യമാണു അത് അവര്‍ ബി.ജെ.പി.യെ നല്‍കി കൊണ്ട് നിര്‍വഹിക്കും. അവിടെയും അവരുടെ കാര്യങ്ങള്‍ മുറ പോലെ നടക്കും. ഇതാണ് അവരുടെ കണക്കു കൂട്ടല്‍.

ഇന്ത്യന്‍ കോര്‍പ്പറേറ്റുകളും അമേരിക്കയും ബി.ജെ.പി.ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സാഹചര്യത്തില്‍ രക്തദാഹിയായ ഒരു ഭരണാധികാരിയെ വികസന വീരനായി നമ്മുടെ മുന്നില്‍ അവതരിപ്പിച്ചു നമ്മുടെ പ്രധാന മന്ത്രിയായി തിരെഞ്ഞെടുക്കാന്‍ നമ്മെ നിര്‍ബന്ധിപ്പിക്കുന്ന ഈ ഒരു അവസ്ഥയില്‍ എന്ത് ചെയ്യണം എന്ന് നാം നൂറു വട്ടം ആലോചിക്കേണ്ടതില്ല.

ബി.ജെ.പി.യെയും കോണ്ഗ്രസിനെയും പരാജയപ്പെടുത്തുന്നതോടോപ്പം തന്നെ മൂന്നാം മുന്നണി എന്ന സങ്കല്‍പ്പം തിരെഞ്ഞെടുപ്പിനു ശേഷമെങ്കിലും യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമത്തില്‍ ഏര്‍പ്പെടുന്ന ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക. അഴിമതിയില്‍ മുങ്ങികുളിച്ച് കിടക്കുന്ന കോണ്ഗ്രസിനെയും ഇന്ത്യയുടെ മതേതരത്വം തന്നെ ഇല്ലാതാക്കുന്ന ബി.ജെ.പി.യെയും അമ്പേ പരാജയപ്പെടുത്തുക. ഇനിയുള്ള നാളുകള്‍ അതിനു വേണ്ടിയുള്ളതായിരിക്കട്ടെ ......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ