2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

അമ്പട ഞാനേ!!!

ഞാന്‍ പറയുന്നതും ഞാന്‍ ചെയ്യുന്നതും എല്ലാം ശരി മറ്റുള്ളവര്‍ പറയുന്നതും ചെയ്യുന്നതും തെറ്റ് എന്ന് പലപ്പോഴും കരുതുന്നവരും, എല്ലായ്പ്പോഴും ഞാന്‍ ചെയ്യുന്നതും പറയുന്നതും മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്നവരും ആണ് ഇന്ന് നമ്മുടെ ഇടയില്‍ കൂടുതല്‍..

ഞാന്‍ പറയുന്നതിനെ ആരെങ്കിലും ചോദ്യം ചെയ്‌താല്‍ എതിര്‍ത്താല്‍ അത് സഹിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലേക്ക് ഇത്തരക്കാര്‍ എളുപ്പം എത്തുന്നു. ഈ ഒരു അവസ്ഥയെ നാം അസഹിഷ്ണുത എന്ന് വിളിക്കുന്നു. ഈ അസഹിഷ്ണുത അധികരിച്ചാല്‍ പിന്നെ ഞാന്‍ ചെയ്യുന്നതും പറയുന്നതും എന്താണെന്ന് എനിക്ക് തന്നെ മനസ്സിലാകില്ല. ഇതാണ് ഇത്തരക്കാരുടെ അവസ്ഥ.

അവിടെ വിവേകം വികാരത്തിനു വഴി മാറി കൊടുക്കുന്നു. പിന്നെ നടക്കുന്നത് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ??

ഞാന്‍ പറഞ്ഞ കാര്യങ്ങള്‍, ചെയ്ത കാര്യങ്ങള്‍ അല്ലെങ്കില്‍ തനിക്ക് പറ്റിയ തെറ്റ് മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചാല്‍ അത് ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിയുന്നില്ല. ഇത് മേല്‍പ്പറഞ്ഞ ചിന്താഗതിയുടെ ഫലമാണ്. ഇത് മുമ്പത്തേക്കാളുപരി അധികമാണ് നമ്മുടെ ഇന്നത്തെ വ്യക്തികേന്ദ്രീകൃത സമൂഹത്തില്‍.

ഇതിന്റെ പ്രതിഫലനങ്ങള്‍ അവരുള്‍ക്കൊള്ളുന്ന സംഘടനകളിലും പാര്‍ട്ടികളിലും സ്ഥാപനങ്ങളിലും ഒക്കെ ഇന്ന് പ്രകടമായി കാണുകയും ചെയ്യുന്നു. ഇതിന്റെ ദൂഷ്യഫലങ്ങള്‍ ഏറിയും കുറഞ്ഞും ഇന്ന് നാം ഓരോരുത്തരായി അനുഭവിക്കുന്നുണ്ട്.

തനിക്ക് പറ്റിയ തെറ്റുകള്‍ അംഗീകരിക്കാനും അതില്‍ ഖേദം പ്രകടിപ്പിക്കാനും അത് തിരുത്താനും അത് ചൂണ്ടിക്കാണിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്താനും ഇന്ന് എത്ര പേര്‍ തയ്യാറാവും?? എന്നാല്‍ മറിച്ച് അവന്‍ എനിക്കിട്ടൊരു പണി തന്നു ഒരു പണി അവനും കൊടുക്കണം എന്ന് ചിന്തിക്കുന്നവരാണ് കൂടുതല്‍.. തല്‍ഫലമായി സൌഹാര്‍ദ്ദ അന്തരീക്ഷം മാറി സ്പര്‍ദ്ദയുടെ അന്തരീക്ഷം അവിടെ സംജാതമാകുന്നു. വ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നു.

രാഷ്ട്രീയ പാര്‍ട്ടികളിലും സംഘടനകളിലും താന്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ അത് അംഗീകരിക്കുന്ന ചുരുക്കം ചിലരെ കൂട്ടുപിടിച്ചു നേതൃത്വത്തിനെതിരെ ഭൂരിപക്ഷ അഭിപ്രായത്തിനെതിരെ വിഭാഗീയ പ്രവര്‍ത്തനം നടത്താന്‍ ഇവര്‍ പലരും മടിക്കുന്നില്ല. കേഡര്‍ പാര്‍ട്ടികള്‍, സംഘടനകള്‍ എന്ന് നമ്മള്‍ കരുതുന്നവരില്‍ പോലും ഈ പ്രവണത ഇന്ന് ശക്തമാണ്.

ന്യൂനപക്ഷം ഭൂരിപക്ഷത്തിനു കീഴടങ്ങണം എന്ന സംഘടനാ തത്വം പലപ്പോഴും കാറ്റില്‍ പറത്തുകയാണ് ഇത്തരക്കാര്‍.. വിഭാഗീയതയും വിമത പ്രവര്‍ത്തനങ്ങളും പുതിയ പുതിയ സംഘടനകളും തല്‍ഫലമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു.

രണ്ടു കുട്ടികള്‍ വീതമുള്ള വീടുകളില്‍ പോലും എല്ലാം എനിക്ക് മാത്രം എന്ന് കരുതുന്ന കുട്ടികള്‍ ആണ് ഇന്നുള്ളത്. അച്ഛന്റെയും അമ്മയുടെയും സ്നേഹമായാലും അവര്‍ കൊണ്ട് വരുന്ന സാധനങ്ങളായാലും എല്ലാം എനിക്ക് മാത്രം!! അത് കഴിഞ്ഞു സഹോദരന് അല്ലെങ്കില്‍ സഹോദരിക്ക്. പങ്കു വയ്ക്കല്‍ വളരെ കഠിനമായ ഒരു പ്രവര്‍ത്തിയായി അവര്‍ക്ക് തോന്നുന്നു.

അണുകുടുംബത്തിലൂടെ വ്യക്തി കേന്ദ്രീകൃതമായ ഒരു സമൂഹം അനുദിനം ശക്തിയാര്‍ജ്ജിച്ചു വരുന്നു. ആഗോളവല്‍ക്കരണവും കച്ചവട താല്പര്യങ്ങളും ഇതിനെ പലപ്പോഴും പരമാവധി പ്രോത്സാഹിപ്പിക്കുന്നു.

ഞാന്‍ ഞാനെന്ന ഭാവം ഇത് ഓരോരുത്തരിലും വളര്‍ത്തിയെടുക്കുന്നു. ഇതിന്റെ പ്രതിഫലനം ഇന്ന് ഓരോ മേഖലയിലും നാം അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഫെയ്സ് ബുക്കും അതില്‍ നിന്ന് ഒട്ടും മോചിതമല്ലാത്ത ഒരു ഇടമാണ് !!!

അമ്പട ഞാനേ!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ