2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

മുഖപുസ്തകത്തിലെ തോന്ന്യാസങ്ങള്‍ !!! ???

മുഖപുസ്തകത്തിലെ ടൈം ലൈനില്‍ അല്ലെങ്കില്‍ ഗ്രൂപ്പുകളില്‍ തങ്ങളിടുന്ന പോസ്റ്റുകള്‍ക്ക് അത് കുറിപ്പുകളാകട്ടെ, ഫോട്ടാകളാകട്ടെ, ഷെയര്‍ ചെയ്ത കാര്യങ്ങളാകട്ടെ എന്തുമാകട്ടെ അതിനു ലൈക്കുകളും കമന്റുകളും ലഭിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല.

ചിലരുടെ പ്രൊഫൈലുകള്‍ സുഹൃത്തുക്കള്‍ക്ക് മാത്രമേ കാണാന്‍ കഴിയൂ, മറ്റുള്ളവര്‍ക്ക് കാണാന്‍ പോലും കഴിയില്ല. ചില ക്ലോസ്ഡ് ഗ്രൂപ്പ് പോലെ അതിലെ അംഗങ്ങള്‍ക്ക് മാത്രമേ അതിലെ കാര്യങ്ങള്‍ അറിയുവാന്‍ കഴിയൂ. ഇത്തരക്കാര്‍ക്ക് സുഹൃത്തുക്കള്‍ പലപ്പോഴും കുറവായിരിക്കും. ഇത്തരം ഗ്രൂപ്പുകള്‍ക്ക് ഒരു നിശ്ചിത അംഗങ്ങളെ ഉണ്ടാകൂ.

ഗ്രൂപ്പുകളെ അഡ്മിനുകള്‍ അടക്കി ഭരിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ടികളെപോലെ അസ്വസ്ഥരായ അംഗങ്ങള്‍ പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നു. അങ്ങിനെ ചില ഗ്രൂപ്പുകള്‍ കേരള കോണ്ഗ്രസ് എന്ന പാര്ട്ടിയെപ്പോലെ പ്രവര്‍ത്തിക്കുന്നു. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന രീതി.

രാഷ്ട്രീയത്തിന്റെ പേരില്‍, മതത്തിന്റെ പേരില്‍, ജാതിയുടെ പേരില്‍, ദൈവങ്ങളുടെ പേരില്‍, സംഗീതത്തിന്റെ പേരില്‍, സിനിമയുടെ പേരില്‍, പുസ്തകങ്ങളുടെ പേരില്‍, അങ്ങിനെ എന്തിന്റെയൊക്കെയോ പേരില്‍ കാക്കത്തൊള്ളായിരം ഗ്രൂപ്പുകള്‍ നമുക്കുണ്ട്. ഇതിനു പുറമേ പ്രാദേശിക ഗ്രൂപ്പുകള്‍ വിദേശി മലയാളി ഗ്രൂപ്പുകള്‍ (പ്രവാസി ഗ്രൂപ്പുകള്‍) അങ്ങിനെ പലതും.

മുഖപുസ്തകം യഥാര്‍ത്ഥത്തില്‍ സമൂഹത്തിന്റെ ഒരു പരിഛേദമാണ്‌. അത് കൊണ്ട് തന്നെ സമൂഹത്തില്‍ ഉള്ള എല്ലാ നന്മതിന്മയുടെയും അംശങ്ങള്‍ ഇതിലും കാണും. ലെസ്ബിയന്‍ ഗ്രൂപ്പും, സെക്സ് ഫോട്ടോകളും വീഡിയോകളും ചാറ്റിങ്ങുകളും നടത്തുന്ന ഗ്രൂപ്പുകളും കൊച്ചു പുസ്തകങ്ങള്‍ പ്രചരിപ്പിക്കുന്നവരും സ്ത്രീ പുരുഷ ഫ്രണ്ട്ഷിപ്പുകള്‍ ഉണ്ടാക്കുന്നവയും എന്ന് വേണ്ട എല്ലാവരും ഈ മേഖലയില്‍ വളരെ സജീവമാണ്.

പതങ്ങളും ചാനലുകളും പുസ്തക പ്രസാധകരും സംഗീത പ്രേമികളും എഴുത്തുകാരും രാഷ്ട്രീയക്കാരും ആത്മീയക്കാരും എല്ലാം മുഖപുസ്തകത്തിന്റെ ഈ മായിക ലോകത്ത് സ്വൈര്യവിഹാരം നടത്തുന്നുണ്ട്.

ഈ മായിക ലോകത്തിലേക്ക് ഒരാള്‍ തന്റെ ഇമെയില്‍ ഐ.ഡി.യിലൂടെ ഫേസ്ബുക്ക് അക്കൌണ്ട് തുറന്നു കൊണ്ട് തന്റെ പ്രൊഫൈല്‍ ഉണ്ടാക്കി രംഗപ്രവേശനം ചെയ്യുകയാണ് പതിവ്. ആദ്യം തനിക്കറിയാവുന്ന സുഹൃത്തുക്കളേയും നാട്ടുകാരെയും മറ്റും ഫ്രണ്ട് റിക്വസ്റ്റ് അയച്ചു സുഹൃത്തുക്കളാക്കുന്നു. ഒപ്പം ചിലര്‍ സ്വയമേവ താങ്കളുടെ ഫ്രണ്ട് ആകാന്‍ വേണ്ടി താങ്കള്‍ക്ക് റിക്വസ്റ്റ് അയക്കുന്നു. ചിലരേ താങ്കള്‍ സ്വീകരിക്കുന്നു. ചിലരെ ഒഴിവാക്കുന്നു. താങ്കള്‍ ചില പോസ്റ്റുകള്‍ താങ്കളുടെ ടൈംലൈനീല് ഇടാന്‍ തുടങ്ങുന്നതോടെ താങ്കളുടെ സുഹൃത്തുക്കള്‍ അതില്‍ ലൈക് ചെയ്യുകയും കമന്റ് ഇടുവാനും തുടങ്ങുന്നു. തിരിച്ചു താങ്കളും അവരുടെ പ്രൊഫൈലില്‍ ലൈക്കും കമന്റും ചെയ്യുന്നു.

ഇങ്ങിനെ തുടരുന്ന ബന്ധത്തിലൂടെ പയ്യെ പയ്യെ താങ്കള്‍ മുഖപുസ്തകത്തിലെ സജീവ സാന്നിധ്യമാകുന്നു. ഇന്റര്‍നെറ്റ് ഉള്ള മൊബൈല്‍ ഉപയോഗിക്കുന്നവര്‍ മുഴുവന്‍ സമയവും ഓണ്‍’ലൈനില്‍ ഉണ്ടാകുന്നു. വീട്ടിലെയോ ഒഫീസിലെയോ കമ്പ്യൂട്ടറോ, ലാപ്ടോപ്പോ ഉപയോഗിക്കുന്നവര്‍ അത് ഉപയോഗിക്കുന്ന സമയത്ത് മാത്രം ഓണ്‍ ലൈനില്‍ ഉണ്ടാകുന്നു.

ചിലര്‍ ദിവസം മുഴുവന്‍ മുഖപുസ്തകത്ത്തില്‍ ചിലവഴിക്കുന്നു. ചിലര്‍ ഏതാനും മണിക്കൂറുകള്‍ ചിലവഴിക്കും ചിലര്‍ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ ഒരിക്കല്‍ നോക്കുന്നു. ചിലര്‍ ആഴ്ചയിലോ മാസത്തിലോ നോക്കുന്നു. ഓരോ ആളും അവരവരുടെ ഇഷ്ടത്തിനു അവര്‍ എത്ര മാത്രം മുഖപുസ്തകത്തില്‍ സജീവമാണോ അതിനനുസരിച്ച് അത് നോക്കുന്നു.

ചിലര്‍ മുഖപുസ്തകം ചാറ്റിംങ്ങിനും വീഡിയോ ചാറ്റിങ്ങിനും മാത്രമായി ഉപയോഗപ്പെടുത്തുണ്ട്. ചിലര്‍ ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാന്‍ മാത്രമായി ഉപയോഗിക്കുന്നു. എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ താല്‍പര്യമുള്ളവരാകട്ടെ അനുദിനം നടക്കുന്ന രാഷ്ട്രീയ കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നു. സംവാദങ്ങളില്‍ ഏര്‍പ്പെടുന്നു.

ചിലര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കുമ്പോള്‍ ചിലര്‍ മോര്‍ഫു ചെയ്ത ഫോട്ടോകള്‍ ഉപയോഗിച്ച് അപരനെ അപമാനിക്കുന്നു. അശ്ലീല മെസ്സേജുകളും മറ്റും ചാറ്റിംഗ് വഴി കൈമാറുന്നു. ഇങ്ങിനെ സൈബര്‍ ലോകത്ത് ചിലര്‍ അറിഞ്ഞോ അറിയാതെയോ നടത്തുന്ന കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കാനും നടപടി എടുക്കാനും സൈബര്‍ പോലീസും സൈബര്‍ നിയമങ്ങളും നിലവിലുണ്ട് ഇന്ന് നമ്മുടെ കേരളത്തില്‍ അത് ഏതു രൂപത്തില്‍ ഉപയോഗപ്പെടുത്തുന്നു എന്നുള്ളതിനെക്കുറിച്ച് അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടെങ്കിലും.

രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകളും തീവ്രവാദ ഗ്രൂപ്പുകള്‍ വരെ അതിന്റെ സൈബര്‍ സെല്ലുകള്‍ രൂപീകരിച്ചു ഈ രംഗത്ത് സജീവമായി ഇടപ്പെടുന്നുണ്ട്. ഇവയൊക്കെ കൃത്യമായി നിരീക്ഷിക്കുന്ന സൈബര്‍ പോലീസും നമുക്കുണ്ട്. ഗള്‍ഫു നാടുകളിലിരുന്നു മറ്റുള്ളവരെ അപമാനിക്കുന്ന വിധത്തിലുള്ള പോസ്റ്റുകളും കമന്റുകളും ഇട്ട നിരവധി പേരെ അതിനു വിധേയരായവര്‍ നല്‍കിയ പരാതി പ്രകാരം സൈബര്‍ പോലീസിന്റെ ആവശ്യ പ്രകാരം ഇമിഗ്രേഷന്‍ വിഭാഗം എയിര്പോര്ട്ടില്‍ നിന്ന് പിടികൂടി പോലീസിനേ എല്പ്പിക്കുന്നുണ്ട്.

ഒറ്റപെട്ട ഇത്തരം സംഭവങ്ങള്‍ പലപ്പോഴും വലിയ വാര്‍ത്തയായി വരാറില്ലെന്ന് മാത്രം. മാപ്പ് പറഞ്ഞു രക്ഷപ്പെടലും ചില നടപടികള്‍ നേരിട്ടും പാസ്പോര്‍ട്ട് തടഞ്ഞുവെക്കലും ഒക്കെയായി ഇത്തരം വിഷയങ്ങളെ അവര്‍ കൈക്കാര്യം ചെയ്യുന്നു എന്ന് മാത്രം. ചില സമയത്ത് പ്രൊഫൈല്‍ ചിത്രം കളര്‍ പ്രിന്‍റ് എടുത്ത് അവരുടെ വീടുകളില്‍ പോയി ഒരു ഭീകരവാദിയെ പിടികൂടുന്നത് പോലെ അവരെ പിടികൂടുന്ന പോലീസ് നടപടികളും ഉണ്ടായിട്ടുണ്ട്.

ഊണും ഉറക്കവും മുഖപുസ്തകത്തില്‍ ആയ ചിലരെയും നമുക്ക് ഇവിടെ കാണാം. രാവിലെ എഴുന്നേറ്റാല്‍ ഗുഡ് മോണിങ്ങില്‍ തുടങ്ങി രാത്രി കിടക്കാന്‍ പോകുമ്പോള്‍ ഗുഡ് നൈറ്റ് പറഞ്ഞെ അവര്‍ മുഖപുസ്തകത്തില്‍ നിന്ന് വിട വാങ്ങൂ. അത്തരക്കാരായ നിരവധി പേരെ നിങ്ങള്‍ക്ക് നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റില്‍ കാണാം.

ലൈക്കിനും കമന്റിനും വേണ്ടി ദാഹിച്ചു നടക്കുന്ന, ഭിക്ഷ യാചിക്കുന്ന ആളുകളും കുറവല്ല. നിങ്ങളുടെ പേര്‍സണല്‍ മെസ്സേജ് ബോക്സിലും ചാറ്റിങ്ങിളും കടന്നു വന്നു എന്റെ പ്രൊഫൈല്‍ ലൈക്ക് ചെയ്യൂ എന്ന് ഇവര്‍ ദയനീയമായി ആവശ്യപ്പെടും. ലൈക്കിനും കമന്റിനും വേണ്ടിയുള്ള ഈ ഭിക്ഷാടനക്കാരെയും നിങ്ങള്‍ ഈ മേഖലയില്‍ പലപ്പോഴായി കണ്ടു മുട്ടും.

ചിലര്‍ വലിയ കാര്യമായി ചില വിഷയങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നതിന് ചുട്ട മറുപടി കിട്ടുമ്പോള്‍ അതിനു സ്വന്തമായി മറുപടി കൊടുക്കാന്‍ വയ്യാതാവുമ്പോള്‍ ഗ്രൂപ്പിലും സുഹൃത്തുക്കളുടെയടുത്തും പോയി കമന്റിട്ട് എന്നെ രക്ഷിക്കൂ എന്നെ ചിലര്‍ ആക്രമിക്കുന്നു ഇതാ ലിങ്ക് പിടിച്ചോ... അവനെയൊന്നു വളഞ്ഞു ആക്രമിക്കൂ എന്ന്. പിന്നെ പട ഇറങ്ങുകയായി ആ ലിങ്കിലേക്ക്. ഒരു തരം ക്വട്ടേഷന്‍ പണി. ഇങ്ങിനെ ക്വട്ടേഷന്‍ പണിയിലൂടെ പിടിച്ചു നില്‍ക്കുന്നവരെയും ഈ രംഗത്ത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

ജോലി ഒഴിവുകള്‍, രക്തം ആവശ്യമുള്ളവര്‍, അവരുടെ ഗ്രൂപ്പുകള്‍ സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍, ചില വിവരങ്ങള്‍ അറിയേണ്ടവര്‍, ഇവര്‍ക്കൊക്കെ അത് ലഭിക്കുന്നതിനു വേണ്ടി പോസ്റ്റുകള്‍ ഇടാന്‍ അത് ഷെയര്‍ ചെയ്യാനും ഗ്രൂപ്പില്‍ ഇടാനും അങ്ങിനെ അവരെ സഹായിക്കാനും ഈ മേഖലയില്‍ കഴിയുന്നുണ്ട്. വായനശാലകള്‍ക്ക് പുസ്തകങ്ങള്‍, വീട് വെച്ച് കൊടുക്കല്‍, ചികിത്സക്ക് സാമ്പത്തിക സഹായം എന്നിവയൊക്കെ ഈ രംഗത്ത് ഉണ്ട്. അത്തരം ഗ്രൂപ്പുകളെയും ആളുകളെയും കണ്ടില്ലെന്ന്‍ നടിക്കരുത്.

തങ്ങള്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് ലൈക്കും കമന്റും കുറഞ്ഞാല്‍ എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് കിട്ടുന്നത് കണ്ടാല്‍ കുശുമ്പ് വരികയും അതിനെതിരെ പ്രതികരിക്കുകയും ചെയ്യുന്നവരെയും ഇടക്കിടെ കാണാം. ആണ്‍കുട്ടികള്‍ പറയും കണ്ടോ എവളെങ്കിലും ഞാന്‍ കോട്ടുവായിട്ടു എനിക്ക് ഉറക്കം വരുന്നു എന്ന് കുറിച്ചാല്‍ അതിന്റെ മേല്‍ കമന്റിടാന്‍ നൂറു പേര് കാണും. ഞാന്‍ പനിച്ചു കിടക്കുകയാണ് എന്ന് ഒരുത്തന്‍ പറഞ്ഞാല്‍ ഒരുത്തനും കമന്റിടാന്‍ വരികയില്ല. ഇത് ഒരു ഉദാഹരണം പറഞ്ഞു എന്നെയുള്ളൂ. ഇതില്‍ ചില്ലറ സത്യങ്ങള്‍ ഇല്ലാതെയുമില്ല. ഞരമ്പ് രോഗികള്‍ ആയി ഇത്തരം കമന്റുകള്‍ ഇടുന്നവരെയും ലൈക്ക് ചെയ്യുന്നവരെയും ചിത്രീകരിക്കുന്നവരും കുറവല്ല.

തങ്ങളുടെ പോസ്റ്റുകള്‍ക്ക് ലൈക്കും കമന്റും കിട്ടുന്നത് കുറഞ്ഞാല്‍ ടെന്‍ഷന്‍ അടിക്കുന്ന നിരവധി ആളുകള്‍ ഉണ്ട്. ചില പോസ്റ്റിനു അമ്പതോ നൂറോ ആളുകളുടെ ലൈക്ക് കിട്ടും ചിലതിനു അഞ്ചോ പത്തോ മാത്രമേ കാണൂ. അപ്പോള്‍ ഇവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ലൈക്കിന്റെ എണ്ണം കുറയുമ്പോള്‍ ആകെ ടെന്‍ഷന്‍ പിടിച്ചു ജീവിതം നശിപ്പിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്.

സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടി ഗംഭീരമാകും എന്ന് പറയുന്നത് പോലെ ലൈക്കുകളും കമന്റുകളും കൂടുമ്പോള്‍ പോസ്റ്റുകള്‍ നന്നാകും എന്ന് നമുക്ക് ഇവിടെ പറയാന്‍ കഴിയില്ല. കാരണം പലരും പലപ്പോഴും ഇടുന്ന ചവറുകള്‍ക്ക് കിട്ടുന്ന ലൈക്കുകളും കമന്റുകളുടെയും എണ്ണം കണ്ടാല്‍ സഹതാപം തോന്നും. അതിട്ടവരോടല്ല ലൈക്കിയവരോട്.

ലൈക്കുകളും കമന്റുകളും നോക്കാതെ തങ്ങള്‍ക്ക് പറയാനുള്ളത് സാധൈര്യം തുറന്നു പറയുന്ന കുറച്ചു പേരെങ്കിലുമുണ്ട്. അത്തരക്കാരുടെ വാളുകളില്‍ അവരുടെ പോസ്റ്റിനു ചിലപ്പോള്‍ പത്തോ അമ്പതോ കമന്റുകളും നൂറോ ഇരുന്നൂറോ ലൈക്കുകളും കാണും. ചിലപ്പോള്‍ ഇത് നാലോ അഞ്ചോ കമന്റും അഞ്ചോ പത്തോ ലൈക്കും ആയിരിക്കും എന്നാലും അവര്‍ തങ്ങള്‍ക്ക് പറയാനുള്ളത് പറഞ്ഞു കൊണ്ടിരിക്കും.

അവരെ സംബന്ധിചിടത്തോളം തങ്ങളിടുന്ന പോസ്റ്റിനു രണ്ടോ മൂന്നോ ലൈക്ക് കിട്ടിയാല്‍ മതി. അതില്‍ കൂടുതല്‍ കിട്ടുന്ന ലൈക്കുകള്‍, കമന്റുകള്‍ ബോണസായിട്ടാണ് അവര്‍ കൂട്ടുന്നത്‌. ഈ ഒരു സ്പിരിട്ടോടെ കാര്യങ്ങള്‍ വിലയിരുത്തിയാല്‍ അവര്‍ക്ക് മറ്റുള്ളവര്‍ ചെയ്യുന്നത് പോലെ തങ്ങള്‍ക്ക് ലൈക്കുകളും കമന്റുകളും കിട്ടാന്‍ വേണ്ടി മറ്റുള്ളവര്‍ ഇടുന്ന ചവറുകള്‍ക്ക് വെറുതെ ലൈക്ക് അടിച്ചു കൊടുത്ത് സ്വന്തം സമയം കളയേണ്ട. പലരും പരസ്പ്പര സഹായ സഹകരണ സംഘമായി പ്രവര്‍ത്തിക്കുന്നുണ്ട് ഈ സമയത്ത് പ്രത്യേകിച്ചും.

സെലിബ്രിറ്റികളും ബുദ്ധിജീവികളും അവര്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് ലൈക്കുകളും കമന്റുകളും കിട്ടുന്നത് കണ്ടു സ്വയം ആസ്വദിക്കുന്നതല്ലാതെ അവര്‍ ഒരിക്കലും അല്ലെങ്കില് മിക്കപ്പോഴും ആരുടെയും പോസ്റ്റുകള്‍ക്ക് ലൈക്കോ കമന്റോ ഇടാന്‍ പോകാറില്ല. ചിലര്‍ അങ്ങിനെ ചെയ്യുന്നത് തങ്ങളുടെ വില കുറയുമെന്ന് കരുതുമ്പോള്‍ ചിലര്‍ അതിലൂടെ താന്‍ സ്വയം എക്സ്പോസ് ആയേക്കുമെന്ന് ഭയക്കുന്നു. അത് വഴി തന്റെ സ്വകല്‍പ്പിത ബുദ്ധിജീവി സ്ഥാനം നഷ്ടമാകുമെന്നും കരുതുന്നു.

ചിലര്‍ തങ്ങളിടുന്ന പോസ്റ്റുകള്‍ക്ക് കിട്ടുന്ന ലൈക്കിനു പരസ്യമായി നന്ദി രേഖപ്പെടുത്തുന്നത് കാണാം ചിലരാകട്ടെ തങ്ങള്‍ക്ക് കിട്ടുന്ന കമന്റുകള്‍ക്ക് ലൈക്ക് ചെയ്തു അക്നോലെട്ജു ചെയ്യുന്നത് കാണാം. എതിര്‍ത്താലും അനുകൂലിച്ചാലും ഇടുന്ന ഓരോ കമന്റ്സിനും അക്നോലെട്ജു ചെയ്യുന്നു. ഇത് കമന്റ് ഇടുന്നയാള്‍ക്ക് പ്രോത്സാഹനവും അംഗീകാരവും കൂടിയാകുന്നു. ചിലരാകട്ടെ താന്‍ ഇട്ട പോസ്റ്റിനെ പിന്നെ തിരിഞ്ഞു നോക്കാതെ അതില്‍ മറ്റുള്ളവര്‍ തമ്മിലടിക്കുന്നത്‌ മാറി നിന്ന് ആസ്വദിക്കുകയും ചെയ്യുന്നു.

മുഖപുസ്തക വിശേഷങ്ങള്‍ ഇങ്ങിനെ എഴുതി തുടങ്ങിയാല്‍ അതിനു അവസാനമില്ല..... ചില നിരീക്ഷണങ്ങള്‍ പങ്കുവെച്ചു എന്ന് മാത്രം. ഓരോ ആളും അവരവരുടെ നിരീക്ഷണങ്ങള്‍ പങ്കുവെച്ചാല്‍ അത് മറ്റുള്ളവര്‍ക്ക് ഉപകാരമായിത്തീരും. തീര്‍ച്ച !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ